മൊഹാലി :ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) 17-ാം സീസണില്‍ വിജയത്തുടക്കം കുറിക്കാനുറച്ച് പഞ്ചാബ് കിങ്‌സും (Punjab Kings) ഡല്‍ഹി ക്യാപിറ്റല്‍സും (Delhi Capitals) കളത്തിലേക്ക്. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ (Shikhar Dhawan) ബോളിങ് തിരഞ്ഞെടുത്തു (Punjab Kings vs Delhi Capitals Toss Report ). പഞ്ചാബിന്‍റെ തട്ടകമായ മൊഹാലിയിലാണ് കളി നടക്കുന്നത്. പുതിയ പിച്ചില്‍ പുത്തന്‍ തന്ത്രങ്ങളുമായാണ് തങ്ങള്‍ ആദ്യം ബോള്‍ ചെയ്യുന്നതെന്ന് ധവാന്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീമായിരുന്നു പഞ്ചാബ്. ഇക്കുറി പുത്തന്‍ കുതിപ്പാണ് ടീം ലക്ഷ്യം വയ്‌ക്കുന്നത്. ജോണി ബെയര്‍ സ്റ്റോ, സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, കാഗിസോ റബാഡ എന്നീ വിദേശ താരങ്ങളാണ് പഞ്ചാബിന്‍റെ പ്ലേയിങ് ഇലവനില്‍ ഉള്ളത്.
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് (Rishabh Pant ) കളിക്കളത്തിലേക്കുള്ള രണ്ടാം വരവാണിത്. കാര്‍ അപകടത്തെ ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷമാണ് പന്ത് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. തന്നെ സംബന്ധിച്ച് ഏറെ വികാരഭരിതമായ സമയമാണിത്. ഓരോ നിമിഷവും ആസ്വദിക്കേണ്ടതുണ്ടെന്നും പന്ത് പറഞ്ഞു. ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ബാറ്റിങ് തന്നെയാവും തിരഞ്ഞെടുക്കുക.
കഴിഞ്ഞ സീസണെക്കുറിച്ച് ആവലാതിപ്പെടാനില്ല. പുതിയ സീസണിനായി മികച്ച മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പന്ത് പറഞ്ഞു. ഷായ് ഹോപ്, മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരാണ് ഡല്‍ഹിയുടെ പ്ലെയിങ് ഇലവനിലെ വിദേശ താരങ്ങള്‍.