ഹൈദരാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗില്‍ (Indian Premier League) കന്നി കിരീടമാണ് 17-ാം പതിപ്പില്‍ പഞ്ചാബ് കിങ്‌സ് ലക്ഷ്യം വയ്‌ക്കുന്നത്. ശിഖര്‍ ധവാന്‍ (Shikhar Dhawan) നേതൃത്വം നല്‍കുന്ന പഞ്ചാബ് കിങ്സ് (Punjab Kings) കഴിഞ്ഞ സീസണില്‍ പോയിന്‍റ് പട്ടികയില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്‌തത്. 14 മത്സരങ്ങളില്‍ ആറ് വിജയങ്ങള്‍ മാത്രം നേടാന്‍ കഴിഞ്ഞ ടീം എട്ടെണ്ണത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. 2014 മുതൽ ഒരിക്കല്‍ പോലും പ്ലേ ഓഫിലേക്ക് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടേയില്ല.
കഴിഞ്ഞ കാലം മറന്ന് ഇത്തവണ പുത്തന്‍ പ്രതീക്ഷകളുമായാണ് പഞ്ചാബ് കിങ്‌സ് കളത്തിലേക്ക് എത്തുന്നത്. ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, റിലീ റൂസോ തുടങ്ങിയ മുൻനിര താരങ്ങള്‍ അണിരക്കുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് പഞ്ചാബ് കിങ്‌സിനുള്ളത്. ഇന്ത്യന്‍ യുവരക്തങ്ങളായ പ്രഭ്‌സിമ്രാൻ സിംഗ്, ജിതേഷ് ശര്‍മ എന്നിവരും കളി ഒറ്റയ്‌ക്ക് വിജയിപ്പിക്കാന്‍ കെല്‍പ്പുള്ളവര്‍. ലിയാം ലിവിങ്‌സ്റ്റൺ, സിക്കന്ദർ റാസ, സാം കറൻ എന്നീ ഓള്‍റൗണ്ടര്‍മാരും പഞ്ചാബിന് മുതല്‍ക്കൂട്ടാവും.
IPL 2024 Punjab Kings squad analysis ഏതൊരു എതിരാളിയുടേയും മുട്ടിടിപ്പിക്കുന്ന പേസ് നിരയാണ് പഞ്ചാബിന്‍റേത്. ഡെത്ത് ഓവര്‍ ബോളിങ്ങായിരുന്നു കഴിഞ്ഞ തവണ ടീമിന്‍റെ പ്രധാന ദൗര്‍ബല്യം. ഡെത്ത് ഓവറുകളില്‍ 11.25 ആയിരുന്നു ടീമിന്‍റെ ഇക്കോണമി റേറ്റ്. ഇതിനെ മറികടക്കാനുറച്ചാണ് ഡിസംബറില്‍ നടന്ന ലേലത്തില്‍ 11.75 കോടി രൂപയ്‌ക്ക് ഹര്‍ഷല്‍ പട്ടേലിനെ (Harshal Patel) ഫ്രാഞ്ചൈസി കൂടാരത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
അർഷ്‌ദീപ് സിങ്, കഗിസോ റബാഡ എന്നിവർക്കൊപ്പം ഹർഷലും ചേരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പഞ്ചാബിന്‍റെ വിലയിരുത്തല്‍. റബാഡയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ നഥാന്‍ എല്ലിസ്, ക്രിസ് വോക്‌സ് എന്നിവരേയും പരീക്ഷിക്കാന്‍ ധവാന് കഴിയും. ഇതോടെ പഞ്ചാബിന്‍റെ പേസ് ബാറ്ററിയ്‌ക്ക് സൂപ്പര്‍ പവറുണ്ട്.
IPL 2024 Punjab Kings squad analysis സ്‌പിന്‍ യൂണിറ്റിലേക്ക് എത്തുമ്പോള്‍ സ്‌പെഷ്യലിസ്റ്റ് താരങ്ങളായി രാഹുൽ ചഹാര്‍, ഹർപ്രീത് ബ്രാര്‍ എന്നീ പരിമിതമായ ഒപ്‌ഷന്‍ മാത്രമാണ്. പാര്‍ട് ടൈം സ്‌പിന്നര്‍മാരായി ലിവിംഗ്‌സ്റ്റണിലും റാസയേയും ഉപയോഗിക്കാമെങ്കിലും ഇരുവരുടേയും ഇക്കോണി അത്ര മികച്ചതല്ല. ഇതോടെ രാഹുൽ ചഹാര്‍-ഹർപ്രീത് ബ്രാര്‍ സഖ്യത്തെ തന്നെ ഫ്രാഞ്ചൈസിക്ക് അമിതമായി ആശ്രയിക്കേണ്ടി വരും. കഴിഞ്ഞ സീസണില്‍ ഇരുവരും ചേര്‍ന്ന് 17 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പുതിയ സീസണിലും താരങ്ങള്‍ തിളങ്ങിയാല്‍ പഞ്ചാബിന് കുതിക്കാം.
ALSO READ:കന്നിക്കിരീടം അകലെയല്ല, കരുത്തുറ്റ നിരയുമായി ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്...ഐപിഎല്‍ 17-ാം പതിപ്പ് മാർച്ച് 22ന് തുടങ്ങും
പഞ്ചാബ് സ്‌ക്വാഡ് : ജോണി ബെയർസ്റ്റോ, പ്രഭ്‌സിമ്രാൻ സിംഗ്, ജിതേഷ് ശർമ, ശിഖർ ധവാൻ, ഹർപ്രീത് ഭാട്ടിയ, റിലീ റോസോ, ശശാങ്ക് സിംഗ്, ലിയാം ലിവിംഗ്‌സ്റ്റൺ, അഥർവ ടൈഡെ, ഋഷി ധവാൻ, സാം കറൻ, സിക്കന്ദർ റാസ, ശിവം സിംഗ്, ക്രിസ് വോക്‌സ്, അശുതോഷ് ശർമ, വിശ്വനാഥ് സിംഗ്, തനയ് ത്യാഗരാജൻ, ഹർഷൽ പട്ടേൽ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, കാഗിസോ റബാഡ, നഥാൻ എല്ലിസ് , രാഹുൽ ചാഹർ, വിദ്വത് കവേരപ്പ, പ്രിൻസ് ചൗധരി (IPL 2024 Punjab Kings Squad).