ബെംഗളൂരു :റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോല്‍വി വഴങ്ങിയതോടെ ഐപിഎല്‍ 17-ാം പതിപ്പില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായിരുന്നു. മുന്‍ നായകന്‍ എംഎസ് ധോണി ഇനിയൊരു സീസണില്‍ കൂടി ചെന്നൈയുടെ മഞ്ഞക്കുപ്പായം അണിയുമോയെന്ന കാര്യത്തില്‍ ഇതേവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ബെംഗളൂരുവിനെതിരായ തോല്‍വിക്ക് പിന്നാലെയുള്ള വെറ്ററന്‍ താരത്തിന്‍റെ പ്രവര്‍ത്തിയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
ബെംഗളൂരു താരങ്ങള്‍ക്ക് ഹസ്‌തദാനം നല്‍കാന്‍ ധോണി തയ്യാറാവാത്തതാണ് വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. മത്സര ശേഷം ചെന്നൈ താരങ്ങൾ ഡ്രസ്സിങ് റൂമില്‍ നിന്നും ഗ്രൗണ്ടിലേക്ക് ഇറങ്ങി വന്നപ്പോള്‍ മുന്നിലുണ്ടായിരുന്ന ധോണി ബെംഗളൂരു താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ കാത്തുനിന്നില്ല. തിരികെ മടങ്ങുമ്പോള്‍ ബെംഗളൂരുവിന്‍റെ സപ്പോർട്ടിങ് സ്റ്റാഫുകള്‍ക്ക് താരം കൈകൊടുക്കുകയും ചെയ്‌തു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഒരു സീനിയര്‍ താരത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി ഉണ്ടാവാന്‍ പാടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം മത്സരത്തില്‍ ചെറിയ തോല്‍വി വഴങ്ങിയാലും റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ചെന്നൈക്ക് അവസാന നാലിലേക്ക് കടക്കാന്‍ അവസരമുണ്ടായിരുന്നു. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബെംഗളൂരു 18 റണ്‍സില്‍ താഴെയുള്ള റണ്‍ വ്യത്യാസത്തില്‍ ജയിച്ചാലായിരുന്നു ചെന്നൈയ്ക്ക് പ്ലേഓഫിലേക്ക് കടക്കാന്‍ കഴിയുക.