കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുന്നതിനായുള്ള ജീവന്‍ മരണപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കയറേണ്ടത് റണ്‍മല. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 222 റണ്‍സാണ് അടിച്ച് കൂട്ടിയത്.
36 പന്തില്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. 14 പന്തില്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 48 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടും മിന്നിത്തിളങ്ങി. വെടിക്കെട്ട് തുടക്കമാണ് കൊല്‍ക്കത്തയ്‌ക്ക് ലഭിച്ചത്.
സുനില്‍ നെരയ്‌ന്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ ഫില്‍ സാള്‍ട്ട് ഒരറ്റത്ത് കത്തിക്കയറിയതോടെ ബെംഗളൂരു ബോളര്‍മാര്‍ പ്രതിരോധത്തിലായി. എന്നാല്‍ താരത്തെ വീഴ്‌ത്തി സിറാജ് സന്ദര്‍ശകര്‍ക്ക് ആശ്വാസം നല്‍കി. അഞ്ചാം ഓവറിന്‍റെ രണ്ടാം പന്തില്‍ സാള്‍ട്ട് മടങ്ങുമ്പോള്‍ 56 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
തൊട്ടടുത്ത ഓവറില്‍ സുനില്‍ നരെയ്‌നെയും (15 പന്തില്‍ 10), അംഗ്‌കൃഷ് രഘുവംഷിയേയും (4 പന്തില്‍ 3) യാഷ് ദയാല്‍ മടക്കി. വെങ്കടേഷ് അയ്യർ (8 പന്തില്‍ 16) നിരാശപ്പെടുത്തിയതോടെ കൊൽക്കത്തയുടെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. തുടര്‍ന്ന് ശ്രേയസ് അയ്യരുടെ പ്രകടനമാണ് ആതിഥേയര്‍ക്ക് കരുത്തായത്. ഇതിനിടെ റിങ്കു സിങ് 16 പന്തില്‍ 24 റൺസെടുത്ത് തിരിച്ച് കയറി.
അധികം വൈകാതെ ശ്രേയസിനെ കാമറൂണ്‍ ഗ്രീന്‍ വീഴ്‌ത്തി. പിന്നീട് ഒന്നിച്ച ആന്ദ്രെ റസൽ-രമൺദീപ് സിങ് സഖ്യം പിരിയാതെ 46 റണ്‍സ് ചേര്‍ത്തതോടെയാണ് കൊല്‍ക്കത്ത 222 റണ്‍സിലേക്ക് എത്തിയത്. 9 പന്തുകളിൽ 24 റൺസുമായി രമൺദീപും, 20 പന്തിൽ 27 റൺസുമായി റസലും പുറത്താകാതെ നിന്നു. ബെംഗളൂരുവിനായി കാമറൂണ്‍ ഗ്രീന്‍, യാഷ് ദയാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
ALSO READ: 'ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കറുത്ത കുതിര'; ചെന്നൈ താരത്തിന് വമ്പന്‍ പിന്തുണ - Adam Gilchrist On Shivam Dube
കളിച്ച ഏഴ് മത്സരങ്ങളില്‍ ആറിലും തോല്‍വി വഴങ്ങിയ ബെംഗളൂരുവിന് ഇനിയുള്ള മുഴുവന്‍ മത്സരങ്ങളും വിജയിച്ചെങ്കില്‍ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷയൊള്ളൂ. മറുവശത്ത് ഇന്ന് കളി പിടിച്ചാല്‍ പോയിന്‍റ് ടേബിളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ കൊല്‍ക്കത്തയ്‌ക്ക് കഴിയും.