ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുകയാണ്. പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി ആറാമതും മുംബൈ ഒമ്പതാമതുമാണ് നിലവിലുള്ളത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും നാല് വിജയം നേടിയ ഡല്‍ഹിക്ക് എട്ട് പോയിന്‍റാണുള്ളത്. എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയം നേടിയ മുംബൈക്കുള്ളതാവാട്ടെ ആറ് പോയിന്‍റും. ഇരു ടീമുകളുടേയും പ്ലേ ഓഫ് സാധ്യത പരിശോധിക്കാം...
പോയിന്‍റ് പട്ടികയില്‍ പിന്നിലാണെങ്കിലും സാങ്കേതികമായി നിലവില്‍ മുംബൈ ഇന്ത്യന്‍സിന്‍റേയും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റേയും പ്ലേഓഫ് സാധ്യത അവസാനിച്ചിട്ടില്ല. ബാക്കിയുള്ള മുഴുവന്‍ മത്സരങ്ങളും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇരു ടീമുകള്‍ക്കും പ്ലേഓഫിലേക്ക് എത്താം. ഒമ്പത് മത്സരങ്ങള്‍ കളിച്ച ഡല്‍ഹിക്ക് മുംബൈക്ക് എതിരായതടക്കം ഇനി അഞ്ച് മത്സരങ്ങളാണ് ബാക്കിയുള്ളത്.
മുഴുവന്‍ മത്സരങ്ങളും പിടിക്കാന്‍ കഴിഞ്ഞാല്‍ ആകെ 18 പോയിന്‍റിലേക്ക് എത്താന്‍ റിഷഭ് പന്തിന്‍റെ ടീമിന് കഴിയും. ഇനി മുംബൈക്കെതിരെ തോല്‍വി വങ്ങിയാലും മറ്റ് മത്സരങ്ങളില്‍ ജയിക്കാനായാല്‍ കഴിഞ്ഞ സീസണുകളിൽ പ്ലേ ഓഫിലേക്ക് എത്താന്‍ മതിയായിരുന്ന 16 പോയിന്‍റിലേക്ക് അവര്‍ക്ക് എത്താം.
ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിന്‍റെ സാധ്യതയും സമാനമാണ്. ഡല്‍ഹിക്കെതിരായതടക്കം ബാക്കിയുള്ള ആറ് മത്സരങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ആകെ 18 പോയിന്‍റാവും ടീമിന് ലഭിക്കുക. ഡല്‍ഹിക്കെതിരെ തോല്‍വി വഴങ്ങിയാലും മുംബൈയുടെ പ്ലേ ഓഫ് സാധ്യത അവസാനിക്കില്ല. ബാക്കിയുള്ള അഞ്ച് മത്സരങ്ങളിലും വിജയിച്ചാല്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ടീമിന് അവസാന നാലിലേക്ക് എത്താന്‍ കഴിയും.
അതേസമയം രാജസ്ഥാന്‍ റോയല്‍സാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയം നേടിയ സഞ്‌ജു സാംസണിന്‍റെ ടീമിന് ആകെ 14 പോയിന്‍റാണ് നിലവിലുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍.
ALSO READ: കോലിയും ഹാര്‍ദിക്കും വേണ്ട, സഞ്‌ജു കളിക്കട്ടെ...; ടി20 ലോകകപ്പ് സ്‌ക്വാഡ് തിരഞ്ഞെടുത്ത് മഞ്‍ജരേക്കർ - Manjrekar India Squad For T20 WC
എട്ട് മത്സരങ്ങളില്‍ അഞ്ച് വീതം വിജയം നേടിയ ഈ മൂന്ന് ടീമികള്‍ക്കും 10 പോയിന്‍റ് വീതമുണ്ട്. നെറ്റ് റണ്‍റേറ്റാണ് പോയിന്‍റ് പട്ടികയില്‍ ടീമുകളുടെ സ്ഥാനം നിര്‍ണയിച്ചിരിക്കുന്നത്. എട്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയവുമായി എട്ട് പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അഞ്ചാമത്.