ലാഹോര്‍:ടി20 ലോകകപ്പിനിടെ ടീം ഇന്ത്യ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരവും ചീഫ് സെലക്‌ടറുമായ ഇൻസമാം ഉള്‍ ഹഖ്. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായി നടന്ന മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപാണം. മത്സരത്തിനിടെ ഇന്ത്യൻ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിന് ലഭിച്ച റിവേഴ്‌സ് സ്വിങ് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
രണ്ടാം സ്പെല്ലിനായി 16-ാം ഓവറിലായിരുന്നു അര്‍ഷ്‌ദീപ് സിങ് പന്തെറിയാനെത്തിയത്. ഈ ഓവറില്‍ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യിക്കാൻ അര്‍ഷ്‌ദീപിനായി. സാധാരണ ഗതിയില്‍ പഴയ പന്തിലാണ് റിവേഴ്‌സ് സ്വിങ് ലഭിക്കുകയെന്നും, 20 ഓവര്‍ മാത്രം ദൈര്‍ഘ്യമുള്ള ടി20 ഇന്നിങ്‌സില്‍ താരതമ്യേന പുതിയ പന്ത് ഉപയോഗിച്ച് ഇന്ത്യൻ താരം എങ്ങനെ റിവേഴ്‌സ് സ്വിങ് കണ്ടെത്തിയെന്നും ഇൻസമാം ഉള്‍ ഹഖ് ചോദിച്ചു.
'16-ാം ഓവര്‍ പന്തെറിയാനെത്തിയ അര്‍ഷ്‌ദീപ് സിങ്ങിന് റിവേഴ്‌സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. ഒരു പുതിയ പന്തില്‍ എങ്ങനെയാണ് ഇത്രയും നേരത്തെ റിവേഴ്‌സ് സ്വിങ് കണ്ടെത്താൻ സാധിക്കുക. 12, 13 ഓവറുകള്‍ എറിഞ്ഞപ്പോഴും സ്വിങ് ലഭിച്ചിരുന്നോ.
അര്‍ഷ്‌ദീപ് പന്തെറിയാൻ വന്നപ്പോള്‍ പന്തിന് സ്വിങ് ലഭിച്ചു. ഇത്തരം കാര്യങ്ങളില്‍ അംപയര്‍മാര്‍ കണ്ണ് തുറന്ന് വയ്‌ക്കുന്നത് നല്ലതായിരിക്കും.