കാസർകോട് : നോക്കാത്ത ദൂരത്തോളം പരന്നു കിടക്കുന്ന പാറ പ്രദേശം. അവിടെ ഒളിഞ്ഞും തെളിഞ്ഞും ഇരിപ്പുണ്ട് ചരിത്രത്തിന്‍റെ അമൂല്യ നിധികൾ. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ അധിവസിച്ചെന്ന് കരുതുന്ന നിരവധി തെളിവുകൾ ഇവിടെ എത്തിയാൽ കാണാം. എങ്ങോട്ട് നോക്കിയാലും ചെങ്കല്ലറകളും, ഗുഹകളും, പാറയിൽ പല തരത്തിലുള്ള കൊത്തു പണികളുമാണെന്ന് പ്രാദേശിക പുരാവസ്‌തു ഗവേഷകനായ സതീശൻ കാളിയനം പറഞ്ഞു.
മണ്ണ് നീക്കിയപ്പോൾ അവിടെയും കണ്ടു ചില രൂപങ്ങൾ. പലയിടങ്ങളിലും പാമ്പും അമ്പും നർത്തകിയും മനുഷ്യ രൂപങ്ങളും പാദ മുദ്രകളും കാണാം. 40 കിലോ മീറ്റർ ചുറ്റളവിൽ ചരിത്രത്തിന്‍റെ അവശേഷിപ്പുകൾ പലതും കാണാൻ കഴിയുമെന്ന് സതീശൻ പറഞ്ഞു.
ഒരേക്കർ സ്ഥലത്ത് തന്നെ ഒമ്പത് ചെങ്കല്ലറകൾ കാണാം. ചിലതിന് അടപ്പുണ്ട്, ചിലതിന് ഇല്ല. രണ്ട് സംസ്‌കാരത്തിന്‍റെ തെളിവാണ് ഇത്. ആലിൻകീഴ് പുതുക്കൈ വില്ലേജിലാണ് മുട്ടയ്ക്ക് അടയിരിക്കുന്ന സർപ്പത്തിന്‍റെ ശില ഉള്ളത്. മടിക്കൈ കൊരങ്ങാനാടിയിൽ ചെങ്കല്ലറയും എരിപ്പിൽ മനുഷ്യ നിർമിത ഗുഹകളും കുണ്ടറയിൽ മനുഷ്യ വാസമുണ്ടായിരുന്നെന്ന് കരുതുന്ന ഗുഹകളും കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞിരപ്പൊയിലിൽ പദമുദ്രയും കണ്ടെത്തി.
കോതോട്ടു പാറ, പുളിയനടുക്കം, എരിക്കുളം, കിനാനൂർ കരിന്തളം എന്നീ സ്ഥലങ്ങളിലും ചരിത്ര അവശേഷിപ്പുകൾ ഉണ്ട്. കേരളത്തിൽ എവിടെയും കണ്ടെത്തിയിട്ടില്ലാത്ത പ്രത്യേക തരം ചെങ്കല്ലറകളും ഇവിടെ എത്തിയാൽ കാണാം.
കാട്ടിപ്പൊയിൽ പാത്തടുക്കത്തെ ഒറ്റത്തൂൺ ചെങ്കല്ലറയും അത്ഭുതമാണ്. വരഞ്ഞൂരിൽ ജാമിതിയ രൂപങ്ങളും ഉണ്ട്. ചരിത്ര ഗവേഷണ വിദ്യാർഥികൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ഇവിടം. കാരണം ചെങ്കല്ലറകളുടെ മണ്ണുകൾ ഒന്നും മാറ്റിയിട്ടില്ല. ചിലപ്പോൾ അതിനകത്ത് ചരിത്രാവശേഷിപ്പായ അമൂല്യ നിധികൾ ഒളിഞ്ഞ് കിടപ്പുണ്ടാകാം.
പാമ്പുകൊത്തിപ്പാറയിലെ സർപ്പവും മുട്ടയും: 40 വർഷം മുമ്പ് പടക്കക്കമ്പനി നടത്തിയിരുന്ന ടിവി ദാമോദരൻ വിലയ്‌ക്കെടുത്ത സ്ഥലമാണ് പാമ്പുകൊത്തിപ്പാറ. മഹാശിലാ കാലഘട്ടത്തിലെ സാംസ്‌കാരിക പൈതൃകത്തിന്‍റെ ചരിത്രശേഷിപ്പായ ശിലാചിത്രമുള്ളത് ഇവിടെയാണ്.
ആലിൻകീഴിലെ പാറയിൽ നാലിഞ്ച് കനത്തിൽ കോറിയിട്ട പാമ്പിൻമുട്ടയ്ക്ക് അടയിരിക്കുന്ന സർപ്പത്തിന്‍റെ ശിലാചിത്രമാണ് ഇവിടെയുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള സംസ്‌കാരത്തിന്‍റെ അടയാളമാണിത്.
മഹാശിലാ കാലഘട്ടത്തിലേതെന്ന് ചരിത്രകാരന്മാർ നേരത്തേ സാക്ഷ്യപ്പെടുത്തിയ ബങ്കളം സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തെ പള്ളത്തിലെ പുലിയുടെയും എരിക്കുളം വലിയപാറയിലെ തോരണങ്ങളുടെയും ചീമേനി അരിയിട്ടപാറയിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ശിലാചിത്രങ്ങളുടെയും നിർമാണരീതിയിലാണ് ആലിൻകീഴിൽ സർപ്പത്തിന്‍റെ രൂപവും കൊത്തിവച്ചിട്ടുള്ളത്. അതിനാലാണ് 2000 വർഷം പഴക്കമുള്ളതാണ് ആലിൻകീഴിലെ ശിലാചിത്രമെന്ന് ചരിത്രകാരൻമാർ കണക്കാക്കുന്നത്.
മനുഷ്യനിർമിത ഗുഹകൾ: മടിക്കൈ പഞ്ചായത്തിലെ എരിപ്പിൽ, കോടോം-ബേളൂർ പഞ്ചായത്തിലെ ബാനം എന്നിവിടങ്ങളിലാണ് മനുഷ്യനിർമിത ഗുഹകൾ കണ്ടെത്തിയത്. ചെങ്കൽപ്പാറ തുരന്ന് നിർമിച്ച ഗുഹകൾക്ക് സമീപത്ത് മഹാശില കാലഘട്ടത്തിലെ സംസ്‌കാരത്തിന്‍റെ അവശേഷിപ്പുകളുണ്ട്.
ഗുഹകളുടെ നിർമാണ രീതി മഹാശില കാലഘട്ടവുമായുള്ള ബന്ധമാണ് വ്യക്തമാക്കുന്നതെന്ന് ചരിത്രകാരന്മാർ പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പ് അധിവാസത്തിന്‍റെ ഭാഗമായി മനുഷ്യർ നിർമിച്ച ഗുഹകൾ അപൂർവമാണ്. മടിക്കൈ പഞ്ചായത്തിലെ എരിപ്പിലിൽ മാത്രം അഞ്ച് ഗുഹകളാണ് കണ്ടെത്തിയത്.
ഗുഹകൾ പൊതു സ്ഥലത്താണ് ഉള്ളത്. ബാനത്ത് മൂന്ന് ഗുഹകളാണ് മനുഷ്യ നിർമിതമെന്ന് തിരിച്ചറിഞ്ഞത്. ഇതിൽ ഒരു ഗുഹ പത്തടി നീളവും പത്തടി വീതിയുമുള്ളതാണ്. മഹാശില സ്‌മാരകങ്ങൾക്ക് സമീപത്തായി മനുഷ്യനിർമിതമായ ഗുഹകൾ കാണപ്പെടുന്നത് പുരാവസ്‌തു വകുപ്പ് പഠന വിധേയമാക്കിയാൽ കേരളത്തിന്‍റെ തന്നെ ചരിത്രത്തിൽ പുതിയ ഏടുകളാകും.
ഇരുമ്പ് ആയുധങ്ങൾ കൊണ്ട് കൊത്തിയതിന്‍റെയും ചുമരുകളിൽ കോറിയിട്ടതിന്‍റെയും അടയാളങ്ങൾ: മടിക്കൈ പഞ്ചായത്തിലെ കുണ്ടറയിൽ അയ്യായിരം ചതുരശ്ര അടിയിലധികം വിസ്‌തൃതിയിൽ പ്രകൃതിദത്തമായി രൂപാന്തരപ്പെട്ട ഗുഹയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യന്‍റെ അധിവാസം ഉണ്ടായിരുന്നതിന്‍റെ സൂചനകളാണ് ഉണ്ടായിരുന്നത്.
പുരാതനമായ ഇരുമ്പ് ആയുധങ്ങൾ കൊണ്ട് കൊത്തിയതിന്‍റെയും ചുമരുകളിൽ കോറിയിട്ടതിന്‍റെയും അടയാളങ്ങൾ കണ്ടെത്തിയത്. ഗുഹയ്ക്ക് മധ്യഭാഗത്ത് ഇരുപതടിയോളം ഉയരമുണ്ട്. ഗുഹയിൽ മധ്യ ഭാഗത്തായി വായു സഞ്ചാരത്തിനായി രണ്ടടി വ്യാസത്തിൽ മഹാശിലാ സ്‌മാരകങ്ങളായ ചെങ്കല്ലറകളുടേതിനു സമാനമായ ദ്വാരം നിർമിച്ചിട്ടുണ്ട്. കൂടാതെ അൾത്താര പോലുള്ള രൂപം ഗുഹയുടെ മധ്യഭാഗത്തായി ചുമരിൽ കോറിയിട്ടിട്ടുണ്ട്. ഇതിലേക്ക് സൂര്യ പ്രകാശം പതിക്കുന്ന രീതിയിൽ മുപ്പത് അടി ദൂരെയായി ഗുഹയുടെ മുകൾ ഭാഗത്ത് ചതുര ആകൃതിയിലുള്ള സുഷിരവും കാണപ്പെടുന്നുണ്ട്.
പുരാവസ്‌തു വകുപ്പ് ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കിയാൽ മടിക്കൈയിലെ പ്രകൃതിദത്തമായ ഗുഹയിൽ ശിലയുഗ കാലഘട്ടത്തിലോ മഹാശിലായുഗ കാലഘട്ടത്തിലോ മനുഷ്യ അധിവാസം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് വ്യക്തമാകുമെന്ന് കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജ് ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാർ കോറോത്ത് പറഞ്ഞു.
ചെങ്കല്ലറയിലേക്ക് കടക്കാനുള്ള കവാടം: കുരങ്ങനാടിയിൽ സ്വകാര്യ പറമ്പിലാണ് ചെങ്കല്ലറ. ചെങ്കല്ലറയുടെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള സുഷിരവും ഒരു ഭാഗത്ത് ചെങ്കല്ലറയിലേക്ക് കടക്കുവാനുള്ള കവാടവുമുണ്ട്. ഗുഹകൾ മഹാശിലാ കാലത്തെ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചിരുന്നു.
മധ്യത്തിൽ തൂൺ അപൂർവം: കരിന്തളം ഉമിച്ചിപ്പൊയിലിലും തെക്കൻ ബങ്കളത്തും ഒറ്റത്തൂണോട് കൂടിയ ചെങ്കല്ലറ ഉണ്ടെങ്കിലും അവയിൽ തൂണുകൾ മുകളിൽ മധ്യഭാഗത്തല്ല. മുകൾ ഭാഗത്ത് വൃത്താകൃതിയിലുള്ള ദ്വാരമുണ്ടെന്നതും പാത്തടുക്കത്തെ ചെങ്കല്ലറയെ വ്യത്യസ്‌തമാക്കുന്നു.
തൂണോട് കൂടിയതും അല്ലാത്തതുമായി നൂറ്റമ്പതിലധികം ചെങ്കല്ലറകൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും പാത്തടുക്കത്തെ ചെങ്കല്ലറ മാത്രമാണ് മധ്യഭാഗത്ത് വൃത്താകൃതിയിൽ ദ്വാരമില്ലാതെയുള്ള ഒറ്റത്തൂൺ ചെങ്കല്ലറയായി കണ്ടെത്തിയിട്ടുള്ളത്. മഹാശിലാ കാലഘട്ടത്തിലെ സംസ്‌കാരത്തിന്‍റെ ശേഷിപ്പുകളായ ചെങ്കല്ലറകളിൽ വിശ്വാസത്തിന്‍റെ ഭാഗമായി മൂന്നും നാലും കാലോട് കൂടിയ മൺപാത്രങ്ങൾ നിക്ഷേപിക്കാറുണ്ട്.
മുകളിൽ കാണുന്ന ദ്വാരത്തെ വിശ്വാസത്തിന്‍റെ ഭാഗമായി ചരിത്രകാരന്മാർ ബന്ധപ്പെടുത്താറുണ്ടെങ്കിലും മുകളിൽ ദ്വാരമില്ലാത്ത പാത്തടുക്കത്തും കൂടോലിലുമുള്ള ചെങ്കല്ലറകൾ മുൻ നിഗമനങ്ങൾ പുനഃപരിശോധിക്കേണ്ട ആവശ്യകതയെ സൂചിപ്പിക്കുന്നതായി ഗവേഷകർ പറഞ്ഞു.
കാൽപാദങ്ങളും ഒരു മനുഷ്യ രൂപവും പാറയിൽ ഇരുമ്പായുധങ്ങൾ കൊണ്ട് കൊത്തിയിട്ട നിലയിൽ: ഇരുപത്തിനാല് ജോഡി കാൽപാദങ്ങളും ഒരു മനുഷ്യ രൂപവും പാറയിൽ ഇരുമ്പായുധങ്ങൾ കൊണ്ട് കൊത്തിയിട്ട നിലയിൽ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. നീലേശ്വരം കാഞ്ഞിരപ്പൊയിലിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഹാശിലാ കാലഘട്ടത്തിൽ നിർമിച്ചതെന്ന് കരുതുന്ന പാറയിൽ കൊത്തിയെടുത്ത ചവിട്ടടയാളങ്ങളായിരുന്നു ഇത്.
വ്യക്തമല്ലാത്ത ശിലാചിത്രങ്ങൾ കാണപ്പെടുന്ന വിവരം സതീശൻ കാളിയനം അറിയച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച പുരാവസ്‌തു ഗവേഷകനായ പ്രൊഫ. അജിത്ത് കുമാർ, ചരിത്ര ഗവേഷകനായ ഡോ. നന്ദകുമാർ കോറോത്ത് എന്നിവരാണ് പാറപ്പുറത്ത് വളർന്ന് നിൽക്കുന്ന പുല്ലുകൾക്കിടയിൽ പുരാതന സംസ്‌കാരത്തിൻ്റെ വിസ്‌മയകരമായ തെളിവുകൾ തിരിച്ചറിഞ്ഞത്.
ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ഇഞ്ച് നീളത്തിലുള്ളതാണ് കാൽപാദങ്ങൾ എന്നത് കുട്ടികളുടെയും പ്രായമായവരുടെയും കാൽപാദങ്ങളാണ് ചിത്രീകരിച്ചത് എന്നതിന് തെളിവാണ്. കാൽപാദങ്ങൾ അവസാനിക്കുന്നിടത്ത് ഒരു മനുഷ്യ രൂപവും കൊത്തി വച്ചിട്ടുണ്ട്. മനുഷ്യരൂപത്തിൻ്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളും കാണപ്പെടുന്നുണ്ട്. സമാനമായ ശിലാ ചിത്രങ്ങൾ ഉഡുപ്പി ജില്ലയിലെ അവലക്കിപ്പാറയിൽ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.
രണ്ടായിരത്തോളം വർഷം പഴക്കമുള്ള ശിലാ ചിത്രങ്ങൾ മടിക്കൈ ഗ്രാമ പഞ്ചായത്തിൻ്റെയും കേരളത്തിൻ്റെയും മുൻകാല സംസ്‌കാരത്തിൻ്റെ നേർക്കാഴ്‌ചകളാണ്. തുടർന്ന് നടത്തിയ നിരീക്ഷണങ്ങളിൽ സമീപത്തുള്ള കോതോട്ടുപാറയിൽ തോരണത്തിൻ്റെ ആകൃതിയിലുള്ള ശിലാ ചിത്രവും കണ്ടെത്തി.
Also Read: പാറയില്‍ 24 കാല്‍പാദങ്ങളും മനുഷ്യരൂപവും; നീലേശ്വരത്ത് മഹാശില കാലഘട്ടത്തിലെ ശേഷിപ്പുകള്‍ കണ്ടെത്തി