മുംബൈ: സ്‌റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തില്‍ വമ്പന്‍ ലാഭം വാഗ്‌ദാനം ചെയ്‌ത് റിട്ടയേഡ് നാവിക ക്യാപ്‌റ്റനില്‍ നിന്ന് തട്ടിയത് 11.16 കോടി രൂപ. മുംബൈയിലാണ് സംഭവം. ഓഹരി വിപണി നിക്ഷേപത്തിൽ അതീവ തത്പര്യമുണ്ടായിരുന്ന 75 കാരനായ ക്യാപ്‌റ്റനെ തട്ടിപ്പുകാര്‍ കബളിപ്പിക്കുകയായിരുന്നു.
തുടക്കത്തിൽ, തന്‍റെ ഓൺലൈൻ നിക്ഷേപ അക്കൗണ്ടിൽ വന്‍ ലാഭമുണ്ടാകുന്നതായി കണ്ടതായി ഇരയായ വ്യക്തി പറയുന്നു. എന്നാല്‍ ലാഭത്തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 20 ശതമാനം സേവന നികുതി അടയ്ക്കാൻ പറയുകയായിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ക്യാപ്‌റ്റന്‍ മുംബൈ സൗത്ത് സൈബർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഈ വർഷം ഓഗസ്‌റ്റ് മുതൽ നവംബർ വരെയുള്ള കാലയളവില്‍ 11.16 കോടി രൂപ നഷ്‌ടപ്പെട്ടതായി മുംബൈ സൈബര്‍ പൊലീസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തട്ടിപ്പുമായി ബന്ധപ്പെട്ട് കൈഫ് ഇബ്രാഹിം മൻസൂരി എന്നൊരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും വിവിധ ബാങ്കുകളുടെ 33 ഡെബിറ്റ് കാർഡുകളും 12 ചെക്ക്ബുക്കുകളും പൊലീസ് കണ്ടെടുത്തു.
അന്വേഷണത്തിൽ, തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി അധികൃതർ കണ്ടെത്തി. 22 തവണ ഈ അക്കൗണ്ടുകളിലേക്ക് ഇരയായ വ്യക്തി പണം ട്രാൻസ്‌ഫർ ചെയ്‌തിട്ടുണ്ട്. രണ്ട് അക്കൗണ്ടുകൾ ട്രാക്ക് ചെയ്‌തപ്പോൾ, ഒരു സ്‌ത്രീ ചെക്ക് വഴി 6 ലക്ഷം രൂപ പിൻവലിച്ചതായി പൊലീസ് കണ്ടെത്തി.
കൈഫ് ഇബ്രാഹിം മൻസൂരിയുടെ നിർദേശ പ്രകാരമാണ് പണം പിൻവലിച്ചത് എന്നാണ് ചോദ്യം ചെയ്യലില്‍ യുവതി വെളിപ്പെടുത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Also Read: വ്യാജ ലാഭം, സജീവമാകുന്ന ട്രേഡിങ് തട്ടിപ്പ്; വലയില്‍ വീഴാതിരിക്കാന്‍ എന്ത് ചെയ്യണം?