ചെന്നൈ: നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കുടുംബ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുവരും ഉറപ്പിച്ച് പറഞ്ഞതോടെയാണ് ചെന്നൈ കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്.
18 വര്‍ഷത്തെ ദാമ്പത്യത്തിനാണ് ഇതോടെ അവസാനമായത്. ഈ മാസം 21ന് ആയിരുന്നു അവസാന ഹിയറിങ് നടന്നത്. 21 ന് ഇരുവരും കോടതിയിൽ ഹാജരാവുകയും ചെയ്‌തു.
നേരത്തെ മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ധനുഷും ഐശ്വര്യയും ഒരു ഹിയറിങ്ങുകള്‍ക്കും ഹാജരായിരുന്നില്ല. ഇതോടെ രജനികാന്ത് ഇടപ്പെട്ട് ഇരുവരെയും വിവാഹമോചനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇന്നലെ ഇരുവരും കുടുംബകോടതിയില്‍ ഹാജരായി. ഇന്നലെയാണ് കേസിന്‍റെ അന്തിമ വിധി വന്നത്.
2022 ലാണ് ധനുഷും സംവിധായിക കൂടിയായ ഐശ്വര്യയും സംയുക്ത പ്രസ്‌താവനയിലൂടെ വേർപിരിയുന്നുവെന്ന കാര്യം അറിയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരസ്‌പരം സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമ, വളര്‍ച്ച, മനസിലാക്കല്‍, പൊരുത്തപ്പെടല്‍ എന്നിങ്ങനെയായിരുന്നു യാത്ര. ഇന്ന് ഞങ്ങള്‍ ഞങ്ങളുടെ വഴികള്‍ വേര്‍തിരിക്കുന്ന ഒരു സ്ഥലത്താണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ മനസിലാക്കാനും സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക. വേര്‍പിരിയല്‍ വാര്‍ത്ത വെളിപ്പെടുത്തി ധനുഷ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇരുവർക്കും. ധനുഷിനെ നായകനാക്കി 3 എന്ന ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട് ഐശ്വര്യ.
തമിഴിലെ വിലയേറിയ താരങ്ങളിലൊരാളാണ് ധനുഷ്. തന്‍റെ നിരവധി സിനിമകളുടെ തിരക്കിലാണ് താരമിപ്പോള്‍. ഐശ്വര്യ സംവിധാനവും നിര്‍മാണമൊക്കെയായി സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കാനുള്ള ഒരുക്കത്തിലാണ്, രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ലാല്‍ സലാം ആണ് ഐശ്വര്യ സംവിധാനം ചെയ്‌ത അവസാന സിനിമ.