ബാക്കി വരുന്ന ഭക്ഷണം കളയുക എന്നത് നമ്മളെ ഓരോരുത്തരെയും സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഇതോർത്ത് ഇനി ആരും വിഷമിക്കേണ്ട. ബാക്കി വരുന്ന ചോറ് കൊണ്ട് ഒരു കിടിലൻ പലഹാരം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടപെടുന്ന ഈ ഡെസേർട്ട് ആർക്കും വളരെ ഈസിയായി ഉണ്ടാക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് പരിചയപ്പെടാം.
ആവശ്യമായ ചേരുവകൾ
- ചോറ്- 1 കപ്പ്
- അരിപ്പൊടി- 2 ടേബിൾ സ്‌പൂൺ
- വെള്ളം- 1/2 കപ്പ്
- ശർക്കര- 3/4 കപ്പ്
- നെയ്യ്- 1 ടീസ്‌പൂൺ
- ഏലയ്ക്ക പൊടി- 1/2 ടീസ്‌പൂൺ
- കടല പരിപ്പ്- 2 ടേബിൾ സ്‌പൂൺ
- വെള്ളുത്ത എള്ള് - 1 ടേബിൾ സ്‌പൂൺ
- ബദാം - 10 എണ്ണം
- കാരക്ക - 1
തയ്യാറാക്കുന്ന വിധം
ഒരു മികസർ ജാറിലേക്ക് ചോറും അരിപ്പൊടിയും അര കപ്പ് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടായതിനു ശേഷം ശർക്കരയിടുക. ഇതിലേക്ക് അരകപ്പ് വെള്ളം കൂടി ചേർത്ത് ശർക്കര മുഴുവൻ അലിയുന്നതുവരെ ചൂടാക്കി അരിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് ഈ ശർക്കരപാനി ഒഴിച്ച് വീണ്ടും ചൂടാക്കുക. നന്നായി തിളച്ചു വരുമ്പോൾ നേരത്തെ തയ്യാറാക്കി വച്ച മിശ്രിതം ഇതിലേക്ക് ചേർക്കുക. നല്ലപോലെ കുറുകി കട്ടിയാകുമ്പോൾ നെയ്യ്, ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം നെയ്യിൽ വറുത്തെടുത്ത കടല പരിപ്പ് കൂടി ചേർക്കുക. ശേഷം അടുപ്പിൽ നിന്നും ഇറക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെള്ളുത്ത എള്ള്, ബദാം, കാരക്ക എന്നിവ കൂടി ചേർക്കാം. ചൂടറിയതിന് ശേഷം കഴിക്കാം.
Also Read : റേഷൻ കടയിലെ മട്ടയരി കൊണ്ടൊരു കിടിലൻ പലഹാരം; റെസിപ്പി ഇതാ