ഹൈദരാബാദ്: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യദിനം മേല്‍ക്കൈ നേടി ഇന്ത്യ. ഹൈദരാബാദില്‍ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സില്‍ 246 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 119 റൺസ് എന്ന നിലയിലാണ്. 70 പന്തില്‍ മൂന്ന് സിക്‌സും ഒൻപത് ഫോറും അടക്കം 76 റൺസ് നേടിയ യശസ്വി ജയ്‌സ്‌വാളും 43 പന്തില്‍ 14 റൺസ് നേടിയ ശുഭ്‌മാൻ ഗില്ലുമാണ് ക്രീസില്‍.
24 റൺസ് നേടിയ നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് നഷ്‌ടമായത്. ജാക്ക് ലീച്ചാണ് രോഹിതിനെ മടക്കിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ സ്റ്റോക്‌സിന്‍റെ തീരുമാനം ഇന്ത്യൻ സ്‌പിൻ വലയില്‍ കുരുങ്ങുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 246 റൺസിന് ഓൾ ഔട്ടായി.
88 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും അടക്കം 70 റൺസ് നേടിയ നായകൻ ബെൻ സ്റ്റോക്‌സാണ് ഇംഗ്ളണ്ടിന്‍റെ ടോപ് സ്‌കോറർ. ഇംഗ്ലണ്ട് തുടക്കത്തില്‍ ബാസ്ബോൾ ശൈലിയിലാണ് ഇന്ത്യൻ പേസ് ബൗളർമാരെ നേരിട്ടത്. അതോടെ പേസർമാരെ പിൻവലിച്ച് സ്‌പിന്നർമാരെ കൊണ്ടുവന്ന ഇന്ത്യൻ നായകന്‍റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു പിന്നീടുള്ള മത്സരഗതി.
39 പന്തില്‍ ഏഴ് ബൗണ്ടറികളടക്കം 35 റൺസെടുത്ത ബെൻ ഡക്കറ്റിനെ പുറത്താക്കിയ രവി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് എത്തിയ ഒലി പോപിനെ ( പതിനൊന്ന് പന്തില്‍ ഒന്ന്) ജഡേജ തിരിച്ചയച്ചു. അധികം വൈകാതെ സാക് ക്രാവ്‌ളിയെ (20) മടക്കി അശ്വിൻ ഇരട്ട പ്രഹരം നല്‍കി. തുടർന്നെത്തിയ ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് സ്‌കോർ ബോർഡ് ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും 37 റൺസെടുത്ത ബെയർസ്റ്റോയെ അതിമനോഹരമായൊരു പന്തില്‍ അക്‌സർപട്ടേല്‍ ബൗൾഡ് ആക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങി. തൊട്ടുപിന്നാലെ ജോ റൂട്ടിനെ (29) മടക്കി ജഡേജ വീണ്ടും പ്രഹരമേല്‍പ്പിച്ചു.
വിക്കറ്റ് കീപ്പർ ബാറ്റർ ബെൻ ഫോക്‌സിനെ (4) പുറത്താക്കി അക്‌സർ വീണ്ടും സ്‌പിൻ വല നെയ്‌തപ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 150 റൺസ് എന്ന നിലയിലായിരുന്നു. പിന്നീട് എത്തിയ റീഹാൻ അഹമ്മദിനെ പേസർ ബുംറയും മടക്കി. എന്നാല്‍ വാലറ്റത്ത് നായകൻ സ്റ്റോക്‌സിന്‍റെ ചെറുത്തു നില്‍പ്പാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ടോം ഹാർട്‌ലി (23), മാർക്ക് വുഡ് (11) എന്നിവരെ കൂട്ടുപിടിച്ച സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ജാക്ക് ലീച്ച് (0) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അശിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടി. അക്‌സർ പട്ടേലും ബുംറയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
എവിടെ കാണാം: സ്പോർട്‌സ് 18 ചാനലാണ് മത്സരം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുക. ജിയോ സിനിമ ആപ്പിലൂടെ മത്സരം സൗജന്യമായി കാണാനാവും.