ദുബായ്: ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഡബിള്‍ എഞ്ചിന്‍ കുതിപ്പുമായി ഇന്ത്യന്‍ യുവതാരം തിലക് വര്‍മ. 69 സ്ഥാനങ്ങള്‍ ഉയര്‍ന്ന തിലക് മൂന്നാമതെത്തി. മലയാളി താരം സഞ്‌ജു സാംസണും നേട്ടമുണ്ടാക്കി. 17 സ്ഥാനങ്ങള്‍ ഉയര്‍ന്ന സഞ്‌ജു 22-ാം റാങ്കിലാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നടത്തിയ പ്രകടനമാണ് ഇരുവരുടേയും കുതിപ്പിന് ഊര്‍ജമായത്. നാല് ടി20കള്‍ അടങ്ങിയ പരമ്പരയില്‍ ഇരുവരും രണ്ട് വീതം സെഞ്ചുറികള്‍ നേടിയിരുന്നു. തിലക് അവസാന രണ്ട് മത്സരങ്ങളില്‍ തുടര്‍ സെഞ്ചുറികള്‍ സ്വന്തമാക്കി. നാല് മത്സരങ്ങളില്‍ നിന്നും 140 ശരാശരിയും 198.58 സ്‌ട്രൈക്ക് റേറ്റിലും 280 റണ്‍സടിച്ച തിലക് പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സഞ്‌ജു ആദ്യത്തേയും അവസാനത്തേയും മത്സരങ്ങളിലാണ് സെഞ്ചുറി അടിച്ചത്. രണ്ടും മൂന്നും മത്സരത്തില്‍ ഡക്കായിരുന്നില്ലെങ്കിലും ഇതിലും മികച്ച റാങ്കിലേക്ക് എത്താന്‍ സഞ്‌ജുവിന് കഴിയുമായിരുന്നു. നാല് മത്സരങ്ങളില്‍ നിന്നും 72 ശരാശരിയിലും 194.58 സ്‌ട്രൈക്ക് റേറ്റിലും 216 റണ്‍സാണ് സഞ്‌ജു നേടിയത്.
ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്‍റെ ഫില്‍ സാള്‍ട്ട് എന്നിവരാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം നഷ്‌ടമായി നാലാം റാങ്കിലേക്ക് ഇറങ്ങി. ഏഴില്‍ നിന്നും എട്ടിലേക്ക് താഴ്‌ന്ന യശസ്വി ജയ്‌സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
ALSO READ: കേരളത്തെ നയിക്കാന്‍ സഞ്ജു സാംസണ്‍; മുഷ്‌താഖ് അലി ട്രോഫിക്കുള്ള ടീമായി
ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒരു സ്ഥാനം താഴ്‌ന്ന് എട്ടാം റാങ്കിലുള്ള രവി ബിഷ്‌ണോയിയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മുന്നില്‍. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് അര്‍ഷ്‌ദീപ് സിങ് ആദ്യ പത്തിലെത്തി. നിലവില്‍ ഒമ്പതാമതാണ് താരം. അക്‌സര്‍ പട്ടേല്‍ 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 13-ാം റാങ്കിലുണ്ട്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ വീണ്ടും ഒന്നാമതെത്തി. രണ്ട് സ്ഥാനങ്ങളാണ് ഹാര്‍ദിക് മെച്ചപ്പെടുത്തിയത്. 13-ാം റാങ്കിലുള്ള അക്‌സര്‍ ആദ്യ ഇരുപതിലുണ്ട്.