ബംഗളൂരു: കാമുകന്മാരോടൊപ്പം ചേർന്ന് സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോയി ഭർത്താവിൻ്റെ വീട്ടുകാരോട് പണം ആവശ്യപ്പെട്ട കേസിൽ 4 പേർ പൊലീസിന്‍റെ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അമ്മമാരെയും പുരുഷ സുഹൃത്തുക്കളെയും കസ്‌റ്റഡിയിലെടുത്തതായി ഹൂബ്ലി-ധാർവാഡ് പൊലീസ് കമ്മിഷണർ എൻ ശശികുമാർ അറിയിച്ചു. അമ്മമാരായ പ്രിയങ്ക, രശ്‌മി, ഇവരുടെ സുഹൃത്തുക്കളായ സുനിൽ, മുത്തുരാജ് എന്നിവരാണ് കസ്‌റ്റഡിയിലായത്.
ആറ് കുട്ടികളെ കാണാതായ കേസന്വേഷണമാണ് ഞെട്ടിക്കുന്ന വഴിത്തിരിവിൽ എത്തി നിന്നത്. നവംബർ ഏഴിന് കുട്ടികളെ ഹോസ്‌റ്റലിൽ കൊണ്ടുപോയി വിട്ട ശേഷം, കുട്ടികളോടൊപ്പം പ്രിയങ്കയെയും രശ്‌മിയെയും കാണാതാവുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് വിദ്യാഗിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് കേസിന്‍റെ ചുരുളഴിച്ചതിങ്ങനെ
തുടർച്ചയായി നടത്തിയ തെരച്ചിലിൽ ഈ കേസിൻ്റെ ചില വിവരങ്ങൾ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. രണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടതായും പൊലീസിന് വിവരം ലഭിച്ചു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ ഹൈദരാബാദ്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇവർക്കായി തെരച്ചിൽ നടത്തി.
ഇതിനിടെ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് കാണാതായ കുട്ടികളുടെ കുടുംബത്തിന് ഫോൺ കോൾ ലഭിച്ചു. പണം നൽകിയില്ലെങ്കിൽ കുട്ടികളെ വിറ്റ് നേപ്പാളിലേക്ക് പോകുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. കുട്ടികളുടെ അമ്മമാരുടെ ആൺ സുഹൃത്തുക്കളായ സുനിൽ, മുത്തുരാജ് എന്നിവരാണ് പണം ആവശ്യപ്പെട്ടതെന്ന് പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികൾ കുട്ടികളുമായി ബംഗളൂരുവിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തി. പ്രതികളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭർത്താവ് നഷ്‌ടപ്പെട്ട പ്രിയങ്ക, ശിക്കാരിപുര സ്വദേശി മുത്തുരാജുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഭർത്താവുണ്ടായിട്ടും രശ്‌മി സുനിലുമായി അടുപ്പത്തിലായിരുന്നു. അന്വേഷണത്തിൽ ഇവർ വിവാഹത്തിന് മുമ്പ് പ്രണയിച്ചിരുന്നതായി കണ്ടെത്തിയതായി ശശികുമാർ അറിയിച്ചു. വീടു വിട്ടുപോകുമെന്ന് ഈ സ്ത്രീകൾ ഭർത്താവിൻ്റെ വീട്ടുകാരെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ കുട്ടികളുള്ളതിനാൽ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞ് വീട്ടുകാർ നിശബ്‌ദരായിരുന്നു. തുടർന്നാണ് അമ്മമാർ ഈ സാഹസ കൃത്യത്തിന് മുതിർന്നത്.
പഴയ പരിചയത്തിൻ്റെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലാണ് കൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി പൊലീസ് കമ്മിഷണർ എൻ ശശികുമാർ അറിയിച്ചു. കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തതായും എൻ ശശികുമാർ പറഞ്ഞു.