ന്യൂഡല്‍ഹി: വൈകിയുള്ള ബിൽ പേയ്‌മെന്‍റുകൾക്ക് ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് പ്രതിവർഷം 30% ആക്കിയ ദേശീയ ഉപഭോകൃത തർക്ക പരിഹാര കമ്മിഷന്‍റെ (NCDRC) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 16 വർഷം പഴക്കമുള്ള കേസിനാണ് സുപ്രീം കോടതി തീര്‍പ്പുണ്ടാക്കിയത്. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിശ്ചിത തീയതിയിൽ പണമടയ്ക്കാത്ത ക്രെഡിറ്റ് കാർഡ് ഉടമകളിൽ നിന്ന് ഈടാക്കേണ്ട പലിശ നിരക്കിന് പരമാവധി പരിധി നിശ്ചയിച്ച എന്‍സിഡിആര്‍സി ഉത്തവ് ചോദ്യം ചെയ്‌ത് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സിറ്റി ബാങ്ക്, അമേരിക്കൻ എക്‌സ്‌പ്രസ്, ഹോങ്കോങ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ (എച്ച്എസ്ബിസി) തുടങ്ങിയ ബാങ്കുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പേയ്‌മെന്‍റ് കൃത്യസമയത്ത് നൽകാത്തതോ കുടിശ്ശികയേക്കാള്‍ കുറഞ്ഞ തുക മാത്രം നൽകുന്നതോ ആയ കാര്‍ഡ് ഉടമകളില്‍ നിന്ന് പ്രതിവർഷം 30 ശതമാനത്തിൽ കൂടുതൽ പലിശ നിരക്ക് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായ നിയമത്തില്‍ (അണ്‍ഫെയര്‍ ട്രേഡ് പ്രാക്‌ടീസ്) പെടുമെന്ന് 2008ല്‍ എന്‍സിഡിആര്‍സി 2008-ൽ ഉത്തരവിട്ടിരുന്നു.
എന്നാല്‍, പലിശ നിരക്ക് നിര്‍ണയിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യില്‍ മാത്രം നിക്ഷിപ്‌തമായ കാര്യമാണെന്ന് ബാങ്കുകള്‍ വാദിച്ചു. എൻസിഡിആർസി പലിശ നിരക്കിന് പരമാവധി നിശ്ചയിക്കുമ്പോൾ, വീഴ്‌ച വരുത്തുന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഉയർന്ന പലിശ കൊടുക്കേണ്ടിവരുന്നത് എന്നും കൃത്യമായി ബില്ല് അടയ്ക്കുന്ന ഉപഭോക്താവിന് 45 ദിവസത്തേക്ക് പലിശ രഹിത വായ്‌പ സുഗമമമായി ലഭിക്കുന്നുണ്ടെന്നുമുള്ള കാര്യം കണക്കിലെടുത്തില്ലെന്നും ബാങ്കുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, അമിത പലിശ ഈടാക്കരുതെന്ന് ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ടെങ്കിലും ബാങ്കുകൾ ഈടാക്കുന്ന നിരക്ക് നേരിട്ട് നിയന്ത്രിക്കരുതെന്നാണ് നയമെന്ന് ആർബിഐ അറിയിച്ചിരുന്നു. അതുകൊണ്ട് ആർബിഐ വിഷയം ബാങ്കുകളുടെ ഡയറക്‌ടർ ബോർഡിന് വിടുകയായിരുന്നു. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്‌ട് പ്രകാരം കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ ആർബിഐക്ക് അധികാരമില്ല.
36 ശതമാനം മുതൽ 49 ശതമാനം വരെ അമിത പലിശ ഈടാക്കി വായ്‌പക്കാരെ ചൂഷണം ചെയ്യുന്ന ബാങ്കുകളെ നിയന്ത്രിക്കാത്തത് ന്യായമായ കാര്യമല്ല എന്ന വിലയിരുത്തലിലാണ് എൻസിഡിആർസി നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറ്റ് രാജ്യങ്ങള്‍ ഇത്തരത്തിലുള്ള വീഴ്‌ചകള്‍ക്ക് ഏര്‍പ്പെടുത്തുന്ന പലിശ നിരക്കുകളും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് 18 ശതമാനം മുതൽ 24 ശതമാനം വരെയാണ്.
ഹോങ്കോങ് SAR-ൽ, ക്രെഡിറ്റ് കാർഡ് പലിശ 24 ശതമാനം മുതൽ 32 ശതമാനം വരെയാണ്. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് 36 ശതമാനം മുതൽ 50 ശതമാനം വരെയാണ് എന്നും എൻസിഡിആർസി വ്യക്തമാക്കി. ചെറിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളില്‍ ഉയർന്ന പലിശ നിരക്ക് സ്വീകരിക്കുന്നത് ന്യായമല്ല എന്നായിരുന്നു എൻസിഡിആർസിയുടെ നിലപാട്.
30% പരിധി എടുത്തുകളഞ്ഞതോടെ, ക്രെഡിറ്റ് കാർഡ് പേയ്‌മെന്‍റുകൾ വൈകിയാലുള്ള പലിശ നിരക്ക് നിശ്ചയിക്കുന്നതിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും സ്വന്തമായി തീരുമാനമെടുക്കാനാകും. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുകള്‍ വൈകുന്നവര്‍ക്ക് ഇനി മുട്ടന്‍ പണി വരാന്‍ സാധ്യതയുണ്ടെന്ന് സാരം.