എറണാകുളം: സ്വന്തം മൈതാനത്ത് ബെംഗളൂരു എഫ്‌സിയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനോട് അടിയറവ് പറഞ്ഞത്. എഡ്ഗര്‍ മെൻഡസിന്‍റെ ഇരട്ട ഗോളും പെരേര ഡിയസിന്‍റെ ഗോളുമായിരുന്നു മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് ജയമൊരുക്കിയത്. ജീസസ് ജിമെനെസാണ് ബ്ലാസ്റ്റേഴ്‌സിനായി ആശ്വാസ ഗോള്‍ നേടിയത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് ബെംഗളൂരു എഫ്‌സിയാണ്. മത്സരത്തിന്‍റെ എട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര താരം പ്രീതം കോട്ടലിന്‍റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഗോള്‍ കീപ്പര്‍ സോം കുമാര്‍ നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതിന് പകരം ഓടിയെത്തിയ ഡിയസിനെ വെട്ടിച്ചുകയറാനായിരുന്നു പ്രീതം ശ്രമിച്ചത്.
എന്നാല്‍, ബ്ലാസ്റ്റേഴ്‌സ് താരത്തില്‍ നിന്നും പന്ത് റാഞ്ചിയ ബെംഗളൂരു സ്ട്രൈക്കര്‍ ഗോള്‍ കീപ്പര്‍ സോം കുമാറിന്‍റെ തലയ്‌ക്ക് മുകളിലൂടെയുള്ള ചിപ്പ് ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സും ആക്രമിച്ച് കളിക്കാൻ തുടങ്ങി. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ആതിഥേയര്‍ സമനില പിടിച്ചു. ക്വാമി പെപ്രയെ ഫൗള്‍ ചെയ്‌തതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് ജിമെനെസ് സ്കോര്‍ ചെയ്‌തത്.