37-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും മുന്‍ താരങ്ങളും. സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് പങ്കുവയ്‌ക്കപ്പെട്ടിട്ടുള്ളത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഐപിഎല്ലില്‍ താരത്തിന്‍റെ ടീമായ മുംബൈ ഇന്ത്യന്‍സ്, ഇന്ത്യയുടെ മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, യുവരാജ് സിങ്, വസീം ജാഫര്‍, ഇഷാന്ത് ശര്‍മ തുടങ്ങിവരൊക്കെ ഇക്കൂട്ടത്തിലുണ്ട്.
നിലിവില്‍ ഐപിഎല്ലിന്‍റെ തിരക്കുകളിലാണ് രോഹിത്തുള്ളത്. പിന്നാലെ തന്നെ ടി20 ലോകകപ്പും നടക്കാനിരിക്കെ രോഹിത്തില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ വച്ചുപുലര്‍ത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെയും ഏകദിന ലോകകപ്പിന്‍റെയും ഫൈനലിലേക്ക് ഇന്ത്യയുടെ നയിച്ച ഹിറ്റ്‌മാന്‍റെ മികവ് ആരാധകരുടെ പ്രതീക്ഷ ഏറ്റുന്നതാണ്.
ജൂണില്‍ അമേരിക്ക- വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിയാലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ടൂര്‍ണമെന്‍റിലൂടെ ഏറെ നീളുന്ന ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ രോഹിത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2013-ല്‍ എംഎസ് ധോണിയ്‌ക്ക് കീഴില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടമെന്നത് ഇന്ത്യയ്‌ക്ക് കിട്ടാക്കനിയാണ്. അന്ന് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ പ്രധാനിയായിരുന്നു രോഹിത്.
2007-ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരത്തിന്‍റെ കരിയര്‍ ഉയര്‍ച്ച താഴ്‌ചകളിലൂടെയാണ് കടന്നുപോയത്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്നുവരെ സ്ഥാനം നഷ്‌ടപ്പെട്ട താരം പിന്നീട് നടത്തിയ മിന്നും പ്രകടനങ്ങളിലൂടെയാണ് സ്ഥിരക്കാരനായത്. ഇന്ത്യയ്‌ക്കായി മികവ് പുലര്‍ത്തി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രോഹിത് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത റെക്കോഡുകള്‍ നിരവധിയാണ്.
ALSO READ: വിഷാദത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റത് ലോക ക്രിക്കറ്റിന്‍റെ നെറുകിലേക്ക്; ഹിറ്റ്‌മാന്‍റെ കരിയറിലേക്കൊരു തിരിഞ്ഞുനോട്ടം - Rohit Sharma Birthday
അന്താരാഷ്ട്ര ക്രിക്കറ്റിൽ 18,000 -ലധികം റൺസാണ് രോഹിത് അടിച്ച് കൂട്ടിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റിലാണ് രോഹിത്തിന്‍റെ മികച്ച പ്രകനടങ്ങളില്‍ ഏറെയും വന്നത്. ഇതുവരെ കളിച്ച 262 ഏകദിനങ്ങളില്‍ നിന്നും 49.12 ശരാശരിയിൽ 10709 റൺസാണ് രോഹിത്തിന്‍റെ സമ്പാദ്യം. 31 സെഞ്ചുറികളും 55 അർധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്.
ടെസ്റ്റില്‍ 59 മത്സരങ്ങളില്‍ നിന്നും 45.46 ശരാശരിയിൽ 4137 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. 17 അർധ സെഞ്ചുറികളും 12 സെഞ്ചുറികളും ഉള്‍പ്പെടെയാണ് പ്രകടനം. ടി20യില്‍ ഇതുവരെ 151 മത്സരങ്ങളാണ് രോഹിത് ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ളത്. അഞ്ച് സെഞ്ചുറികളും 29 അർധ സെഞ്ചുറികളും ഉള്‍പ്പെടെ 3974 റൺസാണ് സമ്പാദ്യം. മൂന്ന് ഫോര്‍മാറ്റിലുമായി 12 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.