കോട്ടയം : പുരുഷന്‍മാര്‍ക്ക് മേല്‍വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദം നൽകി കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം. ഗുരുദേവൻ പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രത്തിലാണ് വിശ്വാസികൾക്ക് ഷർട്ടിട്ട് ദർശനം അനുവദിച്ചത്.
ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കാതെ കയറണമെന്ന അനാചാരം മാറ്റണമെന്ന ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശം മാനിച്ചാണ് ദേവസ്വത്തിന്‍റെ തീരുമാനം. തന്ത്രിയുടെ അനുജ്ഞ വാങ്ങി ദേവസ്വം ഭാരവാഹികള്‍ ചൊവ്വാഴ്‌ച രാവിലെ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ കയറരുതെന്ന ബോര്‍ഡും ഭാരവാഹികള്‍ നീക്കം ചെയ്‌തു. ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കാതെ കയറുന്നത് ആചാരമോ അനാചാരമോ എന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ദേവസ്വം മാറ്റത്തിന് തുടക്കം കുറിച്ചത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ശ്രീകുമാരമംഗലം ക്ഷേത്ര പൊതുയോഗവും ദേവസ്വത്തിന്‍റെ തീരുമാനത്തെ പിന്തുണച്ചതോടെയാണ് മാറ്റം പ്രാബല്യത്തില്‍ വരുത്തിയത്. ചൊവ്വാഴ്‌ച രാവിലെ ദേവസ്വം പ്രസിഡന്‍റ് എ കെ ജയപ്രകാശ്, സെക്രട്ടറി കെ പി ആനന്ദക്കുട്ടന്‍, ട്രഷറര്‍ പി ജി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചു.
ക്ഷേത്രത്തിന് മുന്നിലെ വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെത്തുന്ന ധാരാളം സഞ്ചാരികള്‍ ശ്രീകുമാര മംഗലം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്താറുണ്ട്. പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിച്ച് കയറരുതെന്ന നിര്‍ദേശം പലപ്പോഴും വിദേശികളായ സന്ദര്‍ശകരെ ദര്‍ശനം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. ദേവസ്വത്തിന്‍റെ പുതിയ തീരുമാനം നടപ്പായതോടെ കൂടുതല്‍ ആളുകള്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അവസരം ഒരുങ്ങിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.