രാജ്കോട്ട്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 126 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445നെതിരെ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ഇംഗ്ലണ്ടിന്റെ പതനം വേഗത്തിലാക്കിയത്.
153 റണ്‍സ് നേടിയ ഓപ്പണര്‍ ബെൻ ഡക്കറ്റാണ് ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഡക്കറ്റിനൊപ്പം ബെൻ സ്റ്റോക്സ് (41), ഒലീ പോപ്പ് (39) എന്നിവരൊഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ടിനായി കാര്യമായ സംഭാവന നല്‍കാനായില്ല. സിറാജിന് പുറമെ ഇന്ത്യൻ നിരയില്‍ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ചിന് 290 എന്ന നിലയിലായിരുന്നു ഇന്ത്യഓ. തുടര്‍ന്ന് കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് 29 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന അഞ്ച് വിക്കറ്റും നഷ്ടമായത്. ബെൻ സ്റ്റോക്സിനെ മടക്കി രവീന്ദ്ര ജഡേജയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ബെൻ ഫോക്സിനെ മുഹമ്മദ് സിറാജും മടക്കി. 37 പന്തില്‍ 13 റണ്‍സായിരുന്നു ഫോക്സിന് നേടാനായത്. സ്കോര്‍ 299ല്‍ നില്‍ക്കെയായിരുന്നു ഇരുവരുടെയും പുറത്താകല്‍.