ഷില്ലോങ്/ഇംഫാല്‍: മണിപ്പൂരില്‍ എൻഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സഖ്യം വിട്ടു. സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് "അഗാധമായ ഉത്കണ്‌ഠ" പ്രകടിപ്പിച്ചു കൊണ്ടാണ് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപി നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാർ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തിൽ എൻപിപി വ്യക്തമാക്കി. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും നിരപരാധികളുടെ ജീവൻ നഷ്‌ടപ്പെട്ടതിലുമുള്ള അതൃപ്‌തി ചൂണ്ടിക്കാട്ടിയാണ് എൻപിപി സഖ്യം വിട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
എൻഡിഎ സർക്കാരിനുള്ള പിന്തുണ ഔദ്യോഗികമായി പിൻവലിച്ചെന്നും പാർട്ടി പ്രഖ്യാപിച്ചു. 'ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാർ പ്രതിസന്ധി പരിഹരിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മണിപ്പൂരില്‍ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ഉടൻ പ്രാബല്യത്തിൽ പിൻവലിക്കാൻ നാഷണൽ പീപ്പിൾസ് പാർട്ടി തീരുമാനിച്ചു' എന്ന് എൻപിപി നൽകിയ കത്തിൽ പറയുന്നു.
അതേസമയം, എൻപിപി പിന്തുണ പിൻവലിച്ചാലും അത് എൻഡിഎ സര്‍ക്കാരിനെ ബാധിക്കില്ല. 60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപി സർക്കാർ തന്നെ തുടരും. ബിജെപിക്ക് നിലവിൽ 37 സീറ്റുകളുണ്ട്, കേവലഭൂരിപക്ഷമായ 31 സീറ്റ് ബിജെപിക്ക് മാത്രമുണ്ട്. എൻപിപിക്ക് 7 സീറ്റുകളാണ് ഉള്ളത്.