ന്യൂഡൽഹി: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് (നവംബർ 17) ഉന്നതതല യോഗം വിളിച്ച് ചേർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാളെ (നവംബർ 18) വിശദമായ അവലോകന യോഗം ഉണ്ടാകുമെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നവംബർ 20 ന് നടക്കുന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിദർഭ സന്ദർശനം മാറ്റിവച്ച് തൻ്റെ വസതിയിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ഷാ യോഗം വിളിച്ച് ചേർത്തത്. മണിപ്പൂരിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ സുരക്ഷാ സേനകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രധാന കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനായി നാഷണൽ അന്വേഷണ ഏജൻസിക്ക് കേസുകൾ കൈമാറിയതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, സമാധാനം നിലനിർത്തുന്നതിന് കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.