ന്യൂഡല്‍ഹി:ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള (India vs England Test) ഇന്ത്യന്‍ സ്‌ക്വാഡ് ബിസിസിഐ സെലക്‌ടര്‍മാര്‍ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. സ്റ്റാർ ബാറ്റർ വിരാട് കോലിയുടെ (Virat Kohli) ലഭ്യത സ്ഥിരീകരിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനം വൈകാന്‍ കാരണം വിരാട് കോലിയല്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) നിന്നുള്ള രവീന്ദ്ര ജഡേജയുടെയും (Ravindra Jadeja) കെഎൽ രാഹുലിന്‍റെയും (KL Rahul) ഫിറ്റ്നസ് റിപ്പോർട്ടുകൾക്കായി സെലക്‌ടര്‍മാര്‍ കാത്തിരിക്കുകയാണെന്നാണ് വിവരം. പരിക്കിനെ തുടര്‍ന്ന് വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഇരുവരും കളിച്ചിരുന്നില്ല. രാഹുല്‍ മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ടെങ്കിലും ജഡേജയുടെ കാര്യത്തില്‍ ഇപ്പോഴും ഉറപ്പ് വന്നിട്ടില്ല.
ഈ സാഹചര്യത്തിലാണ് ടീം പ്രഖ്യാപനം വൈകുന്നതെന്നാണ് ഒരു സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. അടുത്ത രണ്ട് ടെസ്റ്റുകള്‍ കൂടെ കളിക്കില്ലെന്ന് 35- കാരനായ കോലി ടീം മാനേജ്മെന്‍റിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിലും കോലി കളിക്കുന്നത് സംശയമാണെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരോന്ന് വീതം വിജയിച്ച ഇന്ത്യയും ഇംഗ്ലണ്ടും പരമ്പരയില്‍ 1-1ന് ഒപ്പമാണ് നിലവിലുള്ളത്. ഫെബ്രുവരി 15-ന് രാജ്‌കോട്ടിലാണ് അടുത്ത മത്സരം. രാജ്‌കോട്ടില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) കളിക്കുന്ന കാര്യവും നിലവില്‍ സംശയത്തിലാണ്.