ധര്‍മ്മശാല :ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് ആരംഭിക്കും (India vs England 5th Test). ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ രാവിലെ 9ന് ടോസ് വീഴുന്ന മത്സരം 9:30നാണ് തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC 2023-25) പോയിന്‍റ് ലക്ഷ്യമിട്ടാണ് അഞ്ചാം മത്സരത്തിന് ഇറങ്ങുന്നതെങ്കില്‍ ജയത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളിലാണ് ഇംഗ്ലണ്ട്.
പരമ്പരയിലെ അഞ്ചാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യൻ നിരയില്‍ ഇന്ന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല. എന്നാല്‍, ബാറ്റിങ് നിരയില്‍ നിലവില്‍ മോശം ഫോമിലുള്ള രജത് പടിദാറിന് പകരം ദേവ്ദത്ത് പടിക്കല്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കാം. പരമ്പരയില്‍ 3 മത്സരം കളിച്ച താരത്തിന് ഇതുവരെയും മികവിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല.
സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ ഇല്ലാതെയാകും ഇന്ത്യ ഇന്നും കളിക്കാനിറങ്ങുക. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ തന്നെ പേസര്‍മാരായി ഇന്ത്യൻ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാൻ ഉള്‍പ്പടെയുള്ള യുവതാരങ്ങളിലാണ് അഞ്ചാം മത്സരത്തിലും ഇന്ത്യൻ ടീമിന്‍റെ ബാറ്റിങ് പ്രതീക്ഷ.