രാജ്‌കോട്ട്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ (India vs England 3rd Test Score Update. ടോസ് നേടി ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ നഷ്‌ടമായത് മൂന്ന് വിക്കറ്റുകൾ. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), മൂന്നാം നമ്പറിലെത്തിയ ശുഭ്‌മാന്‍ ഗില്‍ (Shubman Gill), രജത് പടിദാര്‍ എന്നിവരാണ് ഇന്ത്യന്‍ ആരാധകരെ രാജ്‌കോട്ട് ടെസ്റ്റിന്‍റെ ആദ്യം ദിവസം തന്നെ നിരാശരാക്കിയത്.
മത്സരത്തിന്‍റെ നാലാം ഓവറിലാണ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു ജയ്‌സ്വാളിന്‍റെ മടക്കം. പത്ത് പന്തില്‍ 10 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ജയ്‌സ്വാളിന്‍റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.
പിന്നാലെ ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ശുഭ്‌മാന്‍ ഗില്ലിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. 9 പന്ത് നേരിട്ട താരത്തെയും അക്കൗണ്ട് തുറക്കും മുന്‍പ് മാര്‍ക്ക് വുഡാണ് തിരികെ പവലിയനിലെത്തിച്ചത്. ആറാം ഓവറിലെ നാലാം പന്തിലായിരുന്നു വുഡ് ഗില്ലിനെ വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്‌സിന്‍റെ കൈകളില്‍ എത്തിച്ചത്.