കേരളം

kerala

ETV Bharat / sports

ഇംഗ്ലണ്ടിനും ബാസ്‌ബോളിനും പൂട്ട് ; വിശാഖപട്ടണത്ത് 106 റണ്‍സിന്‍റെ ജയം പിടിച്ച് ഇന്ത്യ - ഇന്ത്യ vs ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 106 റണ്‍സിന്‍റെ വിജയം. രണ്ട് ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറയാണ് മത്സരത്തിലെ താരം.

India vs England Test  Jasprit bumrah  ഇന്ത്യ vs ഇംഗ്ലണ്ട്  ജസ്‌പ്രീത് ബുംറ
India vs England 2nd Test Highlights

By ETV Bharat Kerala Team

Published : Feb 5, 2024, 2:46 PM IST

Updated : Feb 5, 2024, 3:21 PM IST

വിശാഖപട്ടണം :ഹൈദരാബാദിലെ വിജയം ആവര്‍ത്തിക്കാനെത്തിയ ഇംഗ്ലണ്ടിനെ വിശാഖപട്ടണത്ത് ചുരുട്ടിക്കൂട്ടി ഇന്ത്യ. 106 റണ്‍സിനാണ് ആതിഥേയര്‍ കളി പിടിച്ചത് (India vs England 2nd Test Highlights). 399 റണ്‍സിന്‍റെ റെക്കോഡ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് പട ഇന്ത്യന്‍ ബോളര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കാനാവാതെ 292 റണ്‍സില്‍ കൂടാരം കയറി. ഇന്ത്യ-396 & 255, ഇംഗ്ലണ്ട്-253 & 292.

132 പന്തില്‍ 73 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയ ആര്‍ അശ്വിന്‍ (R Ashwin), ജസ്‌പ്രീത് ബുംറ (Jasprit bumrah) എന്നിവരാണ് ടീമിനെ പൊളിച്ചടുക്കിയത്. മത്സരത്തിന്‍റെ നാലാം ദിനമായ ഇന്ന് 67-1 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയില്‍ തന്നെയായിരുന്നു കളിച്ചത്.

ആക്രമിച്ച് കളിച്ച റെഹാന്‍ അഹമ്മദിനെ (23) വിക്കറ്റിന് മുന്നില്‍ കുരുക്കി അക്‌സര്‍ പട്ടേലാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീടെത്തിയ ഒല്ലി പോപ്പും തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ അശ്വിന്‍ ഇന്ത്യയുടെ രക്ഷയ്‌ക്ക് എത്തി. 21 പന്തില്‍ 23 റണ്‍സെടുത്ത പോപ്പിനെ സ്ലിപ്പില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ രോഹിത് ശര്‍മയാണ് അവസാനിപ്പിച്ചത്.

തുടര്‍ന്നെത്തിയ ജോ റൂട്ട് (10 പന്തില്‍ 16) അമിതാവേശം കാട്ടി അശ്വിന്‍റെ പന്തില്‍ അക്സറിന്‍റെ കയ്യിലൊതുങ്ങി. പിന്നീട് ഒന്നിച്ച സാക്‌ ക്രൗളി- ബോണി ബെയര്‍സ്റ്റോ സഖ്യം ശ്രദ്ധയോടെ നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷ വച്ചു. എന്നാല്‍ ഏറെ കരുതലോടെ കളിച്ചിരുന്ന സാക്ക് ക്രൗളിയെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കി. തൊട്ടടുത്ത ഓവറില്‍ ബെയര്‍സ്റ്റോയെ (36 പന്തില്‍ 26) തിരിച്ചയച്ച ബുംറ വീണ്ടും ടീമിനെ പ്രതിരോധത്തിലാക്കി.

പിന്നീടൊന്നിച്ച ബെന്‍ സ്റ്റോക്‌സും ബെന്‍ ഫോക്‌സും കരുതലോടെ കളിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം നടത്തി. എന്നാല്‍ ശ്രേയസ് അയ്യരുടെ ഡയറക്‌ട് ഹിറ്റില്‍ സ്റ്റോക്‌സ് (11) അപ്രതീക്ഷിതമായി റണ്ണൗട്ടായി. പക്ഷെ അത്ര എളുപ്പം കീഴടങ്ങാന്‍ തയ്യാറാവാതിരുന്ന ബെന്‍ ഫോക്‌സും ടോം ഹാര്‍ട്ട്‌ലിയും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഫോക്‌സിനെ (36) സ്വന്തം പന്തില്‍ പിടികൂടി ബുംറയാണ് കൂട്ടുകെട്ട് പിരിച്ചത്.

ALSO READ: സ്റ്റോക്‌സിന് മറുപടി, ഇംഗ്ലീഷ് നായകന്‍റെ വിക്കറ്റ് ആഘോഷമാക്കി ശ്രേയസ് അയ്യര്‍

തുടര്‍ന്നെത്തിയ ഷൊയ്‌ബ് ബഷീറിനെ (0) മുകേഷ് കുമാര്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ ഹാര്‍ട്ട്‌ലിയുടെ (36) കുറ്റി പിഴുത ബുംറ ഇന്ത്യന്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ചുറി ഇന്ത്യന്‍ സ്‌കോറിന് മുതല്‍ക്കൂട്ടായപ്പോള്‍ ജസ്‌പ്രീത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. ജസ്‌പ്രീത് ബുംറയാണ് മത്സരത്തിലെ താരം. 15-ന് രാജ്കോട്ടിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

Last Updated : Feb 5, 2024, 3:21 PM IST

ABOUT THE AUTHOR

...view details