ഹൈദരാബാദ്:ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ടാം ദിവസത്തെ ആദ്യ മണിക്കൂറില്‍ ഇന്ത്യയ്‌ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്‌ടം (India vs England 1st Test Day 2). ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. ജോ റൂട്ട് (Joe Root), ടോം ഹാര്‍ട്‌ലി (Tom Hartley) എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്.
രണ്ടാം ദിനത്തെ ആദ്യ ഓവറിലാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടപ്പെട്ടത്. ആദ്യ ദിവസം തകര്‍ത്തടിച്ച ജയ്‌സ്വാള്‍ ഇന്നും ആദ്യ ഓവറില്‍ തന്നെ ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. രണ്ടാം ദിവസത്തെ ആദ്യ ഓവര്‍ എറിയാനായി സ്പിന്നര്‍ ജോ റൂട്ടിനെയാണ് ഇംഗ്ലീഷ് നായകന്‍ സ്റ്റോക്‌സ് കൊണ്ടുവന്നത്.
റൂട്ട് എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ജയ്‌സ്വാള്‍ ബൗണ്ടറി പായിച്ചു. എന്നാല്‍, നാലാം പന്തില്‍ ജയ്‌സ്വാളിനെ റൂട്ട് മടക്കുകയായിരുന്നു. സ്വന്തം ബൗളിങ്ങില്‍ ജയ്‌സ്വാളിന്‍റെ ക്യാച്ച് പിടിച്ചായിരുന്നു റൂട്ട് ഇംഗ്ലണ്ടിന് ആശ്വാസം സമ്മാനിച്ചത്.
യശസ്വി ജയ്‌സ്വാള്‍ മടങ്ങിയതോടെ നാലാം നമ്പറില്‍ കെഎല്‍ രാഹുല്‍ ക്രീസിലേക്കെത്തി. ഗില്ലിനൊപ്പം ഭേദപ്പെട്ട രീതിയില്‍ തന്നെ ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കാന്‍ രാഹുലിനും സാധിച്ചു. മൂന്നാം വിക്കറ്റില്‍ ഗില്‍ രാഹുല്‍ സഖ്യത്തിന് 36 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.