ന്യൂയോര്‍ക്ക് : ടി20 ലോകകപ്പിന് മുന്‍പുള്ള അവസാനവട്ട ഒരുക്കം ഗംഭീരമാക്കി ടീം ഇന്ത്യ. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 60 റണ്‍സിനായിരുന്നു രോഹിത് ശര്‍മയും സംഘവും തകര്‍ത്തത്. ന്യൂയോര്‍ക്കിലെ നാസ്സൗ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സ് നേടി.
32 പന്തില്‍ 53 റണ്‍സ് നേടി റിട്ടയേര്‍ഡ് ഹര്‍ട്ടായ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യ 23 പന്തില്‍ 40 റണ്‍സാണ് അടിച്ചെടുത്തത്. സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 31 റണ്‍സുമായി മടങ്ങി.
മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് നേടാനെ സാധിച്ചുള്ളു. 28 പന്തില്‍ 40 റണ്‍സടിച്ച് റിട്ടയേര്‍ഡ് ഹര്‍ട്ടായ മഹ്മദുള്ളയാണ് അവരുടെ ടോപ് സ്കോറര്‍. ഷാക്കിബ് അല്‍ ഹസൻ 28 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീതം നേടിയ അര്‍ഷ്‌ദീപ് സിങ്, ശിവം ദുബെ തുടങ്ങിയവരുടെ ബൗളിങ് പ്രകടനങ്ങളാണ് ഇന്ത്യയ്‌ക്ക് സന്നാഹത്തില്‍ അനായാസ ജയമൊരുക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിനെ (6 പന്തില്‍ 1) ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ഓപ്പണറായെത്തിയ സഞ്ജുവിനെ ഷൊറിഫുള്‍ ഇസ്ലാം വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.