കേരളം

kerala

ETV Bharat / sports

സഞ്ജുവിന്‍റെ വെടിക്കെട്ട്, തകര്‍ത്തടിച്ച് സൂര്യയും ഹാര്‍ദിക്കും; ഇന്ത്യയ്‌ക്ക് റെക്കോഡ്

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 297 റണ്‍സ് നേടി.

By ETV Bharat Sports Team

Published : 5 hours ago

Etv Bharat
Etv Bharat (Etv Bharat)

ഹൈദരാബാദ്:വെടിക്കെട്ട് സെഞ്ച്വറിയടിച്ച സഞ്ജുവിനൊപ്പം തകര്‍ത്തടിച്ച് സൂര്യയും ഹാര്‍ദിക് പാണ്ഡ്യയും കൂടിയപ്പോള്‍ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യൻ സ്കോര്‍ ബോര്‍ഡിലേക്ക് എത്തിയത് 297 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് വമ്പൻ സ്കോര്‍ അടിച്ചെടുത്തത്. ഐസിസിയുടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

ഇന്ത്യയ്‌ക്കായി സഞ്ജു 111 റണ്‍സ് നേടിയാണ് പുറത്തായത്. 47 പന്തില്‍ 11 ഫോറും 8 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്‌സ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ നഷ്‌ടമായി. സ്കോര്‍ 23ല്‍ നില്‍ക്കെ തൻസിം ഹസനായിരുന്നു നാല് റണ്‍സ് നേടിയ അഭിഷേകിനെ പറഞ്ഞയച്ചത്. രണ്ടാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം സൂര്യയും എത്തിയതോടെ ഇന്ത്യയുടെ സ്കോര്‍ അതിവേഗം ഉയര്‍ന്നു.

ബംഗ്ലാദേശ് ബൗളര്‍മാരെ കണക്കിന് തല്ലിയ ഇരുവരും അതിവേഗത്തിലാണ് റണ്‍സ് അടിച്ചെടുത്തത്. ടസ്‌കിൻ അഹമ്മദ്, മുസ്‌തഫിസുര്‍ റഹ്മാൻ തുടങ്ങിയ ബംഗ്ലാദേശിന്‍റെ പ്രീമിയം ബൗളര്‍മാരെ തല്ലിയൊതുക്കാൻ ഇരുവര്‍ക്കുമായി.

ആദ്യ രണ്ട് മത്സരങ്ങളിലും മികവ് തെളിയിക്കാൻ സാധിക്കാതിരുന്നതിന്‍റെ ക്ഷീണം മാറ്റുന്നതായിരുന്നു ഹൈദരാബാദില്‍ സഞ്ജുവിന്‍റെ ബാറ്റിങ്. നേരിട്ട 22-ാം പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജുവിന് അടുത്ത അൻപതിലേക്ക് എത്താൻ 18 പന്തുകളാണ് പിന്നീട് വേണ്ടി വന്നത്. സെഞ്ച്വറിക്ക് പിന്നെലെയും വമ്പനടികള്‍ക്ക് ശ്രമിച്ച സഞ്ജു നേരിട്ട 47-ാം പന്തില്‍ പുറത്താകുകയായിരുന്നു.

ഓപ്പണറായിറങ്ങി തകര്‍ത്തടിച്ചുകൊണ്ടിരുന്ന സഞ്ജുവിന് മികച്ച പിന്തുണയാണ് ക്യാപ്‌റ്റൻ സൂര്യകുമാര്‍ യാദവും നല്‍കിയത്. 35 പന്തില്‍ 75 റണ്‍സ് അടിച്ചെടുത്തായിരുന്നു സൂര്യയുടെ പുറത്താകല്‍. എട്ട് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്ത്യൻ നായകന്‍റെ ഇന്നിങ്‌സ്.

സഞ്ജുവും സൂര്യയും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ റിയാൻ പരാഗും ഹാര്‍ദിക് പാണ്ഡ്യയും റണ്‍റേറ്റ് താഴാതെ തന്നെ അടി തുടര്‍ന്നു. പരാഗ് 13 പന്തില്‍ 34 റണ്‍സും പാണ്ഡ്യ 18 പന്തില്‍ 47 റണ്‍സും അടിച്ചുകൂട്ടി. കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ സ്റ്റാര്‍ നിതീഷ് കുമാര്‍ റെഡ്ഡിയ്‌ക്ക് റണ്‍സൊന്നുമെടുക്കാനായില്ല. നിശ്ചിത ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് റണ്‍സുമായി റിങ്കു സിങ്ങും ഒരു റണ്‍ നേടിയ വാഷിങ്ടണ്‍ സുന്ദറും പുറത്താകാതെ നിന്നു.

Also Read :അടിപൊളി സെഞ്ച്വറി! ബംഗ്ലാദേശ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് സഞ്ജു സാംസണ്‍

ABOUT THE AUTHOR

...view details