കേരളം

kerala

ETV Bharat / sports

സമ്പൂര്‍ണ വിജയം; ടി20 പരമ്പരയിലും ബംഗ്ലാദേശിനെ 'വെള്ളപൂശി' ഇന്ത്യ

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലും ഇന്ത്യയ്‌ക്ക് ജയം. മത്സരം ഇന്ത്യ സ്വന്തമാക്കിയത് 133 റണ്‍സിന്.

By ETV Bharat Sports Team

Published : 6 hours ago

INDIA VS BANGLADESH RESULT  SANJU SAMSON  CRICKET LIVE  ഇന്ത്യ ബംഗ്ലാദേശ്
Team India (IANS)

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20യില്‍ 133 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 297 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

തൗഹിദ് ഹൃദോയാണ് (63) മത്സരത്തില്‍ ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. സെഞ്ച്വറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് കളിയിലെ താരം. 298 റണ്‍സെന്ന വമ്പൻ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍പ്പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താനായില്ല.

ആദ്യ പന്തില്‍ തന്നെ പർവേസ് ഹൊസൈനെ അവര്‍ക്ക് നഷ്‌ടമായി. മായങ്ക് യാദവിന്‍റെ പന്തില്‍ റിയാൻ പരാഗിന് ക്യാച്ച് നല്‍കിയാണ് ബംഗ്ലാദേശ് ഓപ്പണര്‍ മടങ്ങിയത്. പവർപ്ലേയില്‍ തന്നെ തൻസിദ് ഹസനേയും (15) നായകൻ നജ്‌മുള്‍ ഷാന്‍റോയേയും (14) ബംഗ്ലാദേശിന് നഷ്ടമായിരുന്നു.

നാലാം വിക്കറ്റില്‍ ഒന്നിച്ച ലിറ്റണ്‍ ദാസും തൗഹിദ് ഹൃദോയിയും ചേർന്നാണ് ബംഗ്ലാദേശിനെ കൂട്ടത്തകർച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്. 53 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേർത്തത്. 42 റണ്‍സ് നേടിയ ലിറ്റണെ പുറത്താക്കി രവി ബിഷ്ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ മുഹമ്മദുള്ള (8), മെഹദി ഹസൻ (3), റിഷാദ് ഹൊസൈൻ (0) എന്നിവർ അതിവേഗം തന്നെ പുറത്തായി.

അർദ്ധ സെഞ്ച്വറിയടിച്ച ഹൃദോയ് മാത്രമാണ് ബംഗ്ലാ നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. 42 പന്ത് നേരിട്ട താരം 63 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി മൂന്നും മായങ്ക് യാദവ് രണ്ടും വിക്കറ്റാണ് നേടിയത്.

ABOUT THE AUTHOR

...view details