ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഏഴ് വിക്കറ്റിന്‍റെ അനായാസ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശിനെ ബോളര്‍മാര്‍ വരിഞ്ഞ് മുറുക്കിയപ്പോള്‍ 19.5 ഓവറില്‍ 127 റണ്‍സിന് അവര്‍ക്ക് കൂടാരം കയറേണ്ടി വന്നു. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 132 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്.
16 പന്തില്‍ പുറത്താവാതെ 39 റണ്‍സ് അടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളുമടക്കമാണ് ഹാര്‍ദിക്കിന്‍റെ പ്രകടനം. ഒപ്പണിങ് റോളിലെത്തിയ സഞ്‌ജു സാംസണ്‍ 19 പന്തില്‍ 29 റണ്‍സടിച്ചു. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും താരത്തിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 14 പന്തില്‍ 29 റണ്‍സ് നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ആദ്യ വിക്കറ്റില്‍ സഞ്ജു സാംസണ്‍ - അഭിഷേക് ശര്‍മ സഖ്യം 25 റണ്‍സ് ചേര്‍ത്തു. അഭിഷേക് (7 പന്തില്‍ 16) നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ വേഗത്തില്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു.
പവര്‍പ്ലേയിലെ അവസാന ഓവറില്‍ മടങ്ങും മുമ്പ് സഞ്‌ജുവിനൊപ്പം 40 റണ്‍സാണ് താരം ചേര്‍ത്തത്. എട്ടാം ഓവറില്‍ സഞ്‌ജുവും വീണു. മെഹിദി ഹസന്‍ മിറാസിനെ അതിര്‍ത്തികടത്താനുള്ള ശ്രമത്തില്‍ റിഷാദ് ഹുസൈന്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നിതീഷ് റെഡ്ഡിയെ (15 പന്തില്‍ 16*) കൂട്ടുപിടിച്ച ഹാര്‍ദിക് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ALSO READ: വനിതാ ടി20 ലോകകപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ, 6 വിക്കറ്റ് ജയം - Womens T20 World Cup
നേരത്തെ മൂന്ന് വീതം വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ് എന്നിവരാണ് സന്ദര്‍ശകരെ തകര്‍ത്തത്. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവും ഹാര്‍ദിക്കും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. 32 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്ന മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ (25 പന്തില്‍ 27) - തൗഹിദ് ഹൃദോയ് (18 പന്തില്‍ 12), ടസ്‌കിന്‍ അഹമ്മദ് (13 പന്തില്‍ 12) എന്നിവരാണ് രണ്ടക്കംതൊട്ട മറ്റ് താരങ്ങള്‍.