ഹൈദരാബാദ്: അഞ്ച് മത്സരങ്ങൾ അടങ്ങിയ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഹൈദരാബാദില്‍ തുടക്കം. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. 2011 നവംബറിന് ശേഷം ഇന്ത്യൻ മധ്യനിരയിലെ കരുത്തൻമാരായ വിരാട് കോലി, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ എന്നിവരില്ലാതെ ഇന്ത്യ ഇറങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്. ഇംഗ്ലണ്ടിന്‍റെ ബാസ് ബോളും ഇന്ത്യയുടെ സ്‌പിൻ തന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമാകും ഈ ടെസ്റ്റ് പരമ്പരയെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തിക്കഴിഞ്ഞു.
താരതമ്യേന യുവ ബാറ്റിങ് നിരയുമായാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റുകൾക്കില്ല എന്നറിയച്ചതിനെ തുടർന്ന് കെഎല്‍ രാഹുലാണ് കോലിയുടെ നാലാം നമ്പറിലെത്തുക. വിക്കറ്റ് കീപ്പറായി കെഎസ് ഭരത് വരുമ്പോൾ ശ്രേയസ് അയ്യർ അഞ്ചാംനമ്പറില്‍ ബാറ്റിങിന് ഇറങ്ങും. രവി ജഡേജ, രവി അശ്വിൻ എന്നിവർക്ക് ഒപ്പം ബൗളിങ് ഓൾറൗണ്ടറായി അക്‌സർ പട്ടേലും ടീമിലുണ്ട്. ജസ്‌പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസ് ഡിപ്പാർട്ട്മെന്‍റ് കൈകാര്യം ചെയ്യുന്നത്.