മുംബൈ : ഫോം വീണ്ടെടുക്കാന്‍ രഞ്ജി ട്രോഫിയ്‌ക്കിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് വീണ്ടും നിരാശ. ജമ്മു കശ്‌മീരിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 19 പന്തില്‍ മൂന്ന് റണ്‍സിന് പുറത്തായ രോഹിത്തിന് രണ്ടാം ഇന്നിങ്‌സിലും തിളങ്ങാന്‍ കഴിഞ്ഞില്ല. 35 പന്തില്‍ 28 റണ്‍സാണ് രോഹിത്തിന് നേടാന്‍ കഴിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നേടിയ 120 റണ്‍സിന് മറുപടിക്കിറങ്ങിയ ജമ്മു കശ്‌മീര്‍ 206 റണ്‍സടിച്ചിരുന്നു. ഇതോടെ മുംബൈക്ക് ഒന്നാം ഇന്നിങ്‌സില്‍ 86 റണ്‍സിന്‍റെ ലീഡ് വഴങ്ങേണ്ടി വന്നു. രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെയാണ് മുംബൈ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും തുടങ്ങിയത്.
എന്നാല്‍ ഗിയര്‍മാറ്റിയ രോഹിത് കശ്‌മീര്‍ പേസര്‍മാരാരായ യുദ്ധവീര്‍ സിങ്ങിനെയും ഉമര്‍ നസീറിനെയും പുള്‍ ഷോട്ടുകളും സ്ട്രൈറ്റ് ഡ്രൈവുകളും കളിച്ച് അതിര്‍ത്തികടത്തി പ്രതീക്ഷ നല്‍കി. ഒരു ഘട്ടത്തില്‍ 11 പന്തില്‍ 21 റണ്‍സായിരുന്നു രോഹിത്തിന്‍റെ അക്കൗണ്ടില്‍.
എന്നാല്‍ താരത്തിന്‍റെ ഇന്നിങ്‌സ് അധികം നീണ്ടുനിന്നില്ല. യുദ്ധവീര്‍ സിങ്ങിന്‍റെ പന്തില്‍ ആബിദ് മുഷ്‌താഖ് ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്താവുന്നത്. പിന്നാലെ തന്നെ 51 പന്തില്‍ 26 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനേയും യുദ്ധവീര്‍ സിങ് മടക്കി.
ALSO READ: സൂര്യയുടെ ക്യാച്ച്; കമന്‍ററിക്കിടെ ഉത്തപ്പ എയറില്‍, മറുപടി പറയാതെ താരം - COMMENTATORS TEASE ROBIN UTHAPPA
സമീപകാലത്തായി മോശം ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റനുള്ളത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും വെറും 31 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ശരാശരിയാവട്ടെ വെറും 6.20 മാത്രം. പരമ്പര ഇന്ത്യ 3-1ന് കൈവിടുകയും ചെയ്‌തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സീനിയര്‍ താരങ്ങളോട് ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത് വീണ്ടും രഞ്‌ജി കളിച്ചത്.