ഹൈദരാബാദ്: അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹൈദരാബാദില്‍ തുടക്കം. രാവിലെ ഒൻപതരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. 2011 നവംബറിന് ശേഷം ഇന്ത്യൻ മധ്യനിരയിലെ കരുത്തൻമാരായ വിരാട് കോലി, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ എന്നിവരില്ലാതെ ഇന്ത്യ ഇറങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്. ഇംഗ്ലണ്ടിന്‍റെ ബാസ് ബോളും ഇന്ത്യയുടെ സ്‌പിൻ തന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമാകും ഈ ടെസ്റ്റ് പരമ്പരയെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തിക്കഴിഞ്ഞു.
താരതമ്യേന യുവ ബാറ്റിങ് നിരയുമായാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റുകൾക്കില്ല എന്നറിയച്ചതിനെ തുടർന്ന് ശ്രേയസ് അയ്യർക്കാകും കോലിയുടെ നാലാം നമ്പർ ലഭിക്കുക. വിക്കറ്റ് കീപ്പറായി കെഎസ് ഭരത് വരുമ്പോൾ കെഎല്‍ രാഹുല്‍ ബാറ്ററുടെ റോൾ നിർവഹിക്കും.
യുവതാരങ്ങളായ യശസ്വി ജയ്‌സ്‌വാൾ, ശുഭ്‌മാൻ ഗില്‍ എന്നിവരുടെ ടെസ്റ്റ് ബാറ്റിങ് മികവിന്‍റെ അളവുകോലാണ് ഈ പരമ്പരയെന്നും വിലയിരുത്തുന്നവരുണ്ട്. ബൗളിങ് ഓൾറൗണ്ടറായി അക്‌സർ പട്ടേല്‍ ടീമിലെത്തിയാല്‍ രണ്ട് പേസർമാരുമായാകും ഇന്ത്യ ഇറങ്ങുക. രവി ജഡേജ, രവി അശ്വിൻ എന്നിവർക്ക് ടീമില്‍ സ്ഥാനമുറപ്പാണ്. ജസ്‌പ്രീത് ബുംറയും മുഹമ്മദ് സിറാജുമാകും പേസ് ഡിപ്പാർട്ട്മെന്‍റ് കൈകാര്യം ചെയ്യുക.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പോയിന്‍റ് കണക്കാക്കുന്നതില്‍ ഈ പരമ്പരയ്ക്ക് നിർണായക സ്ഥാനമുള്ളതിനാല്‍ ഇരു ടീമുകൾക്കും ഓരോ മത്സരവും നിർണായകമാണ്. ബെൻ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലീഷ് നിരയില്‍ സാക്ക് ക്രാളി, ബെൻ ഡക്കറ്റ് എന്നിവർ ഓപ്പണർമാരാകും. ഒലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ് എന്നിവർ മുൻനിര ബാറ്റർമാരായി എത്തും.
ബെയർസ്റ്റോയ്ക്ക് ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ബെൻ ഫോക്‌സിനെ വിക്കറ്റ് കീപ്പറായി ടീമില്‍ ഉൾപ്പെടുത്തിയേക്കും. റീഹാൻ അഹമ്മദ്, ജാക് ലീച്ച് എന്നിവർ സ്പിന്നർമാരായി ടീമിലെത്തും. ടോം ഹാർട്‌ലി, മാർക്ക് വുഡ്, ജയിംസ് ആൻഡേഴ്‌സൻ എന്നിവരില്‍ രണ്ട് പേർ പേസർമാരായും ടീമിലെത്തും.
മത്സര സമയം ഇങ്ങനെ: രാവിലെ 9.30നാണ് മത്സരം തുടങ്ങുക. 11.30ന് ആദ്യ സെഷൻ പൂര്‍ത്തിയാവും. 40 മിനിറ്റിന്‍റെ ലഞ്ച് ബ്രേക്കിന് ശേഷം 12.10നാണ് രണ്ടാം സെഷന്‍ തുടങ്ങുക. 2.10ന് രണ്ടാം സെഷന്‍ അവസാനിപ്പിച്ച് ചായക്ക് പിരിയും. 2.30 മുതല്‍ 4.30വരെയാണ് മൂന്നാമത്തെയും അവസാനത്തെയും സെഷന്‍.
എവിടെ കാണാം: സ്പോർട്‌സ് 18 ചാനലാണ് മത്സരം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുക. ജിയോ സിനിമ ആപ്പിലൂടെ മത്സരം സൗജന്യമായി കാണാനാവും.