ഹൈദരാബാദ് :ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 246 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇംഗ്ലീഷ് ടീമിനെതിരെ പരിഹാസവുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയത്.
ഇംഗ്ലണ്ടിന്‍റെ 'ബാസ് ബോള്‍' ശൈലി മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഏറെ ചര്‍ച്ചയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം റണ്‍സ് കണ്ടെത്തുന്ന ഇംഗ്ലണ്ടിന്‍റെ ഈ രീതി ഇന്ത്യയിലും നടക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും. എന്നാല്‍, ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിരിച്ച വലയില്‍ കുരുങ്ങിയ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് ഹൈദരാബാദില്‍ പ്രതീക്ഷിച്ചത് പോലെ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വരികയായിരുന്നു.
ഇന്ത്യയുടെ സ്‌പിന്‍ കോംബോ അശ്വിന്‍ - ജഡേജ സഖ്യം ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റാണ് സ്വന്തമാക്കിയത്. മറ്റൊരു സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും നേടി. ശേഷിക്കുന്ന രണ്ട് വിക്കറ്റുകള്‍ ജസ്‌പ്രീത് ബുംറയാണ് സ്വന്തം പേരിലാക്കിയത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ കളി നിയന്ത്രിച്ച ഉപ്പലിലെ ആദ്യ ദിനത്തില്‍ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഒഴികെ മറ്റാര്‍ക്കും അര്‍ധസെഞ്ച്വറി നേടാനുമായിരുന്നില്ല. 88 പന്തില്‍ 70 റണ്‍സടിച്ച സ്റ്റോക്‌സിനെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഗാലറിയില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ 'നിങ്ങളുടെ ബാസ് ബോള്‍ എവിടെ' എന്ന ചാന്‍റ് മുഴക്കിയത്.