ന്യൂഡൽഹി: ഓര്‍ത്തഡോക്‌സ് യാക്കോബായ തർക്കം നിലനില്‍ക്കുന്ന ആറ് പള്ളികളുടെ ഭരണം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാണമെന്ന് സുപ്രീം കോടതി യാക്കോബായ സഭയോട് നിർദേശിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളാണ് കൈമാറേണ്ടത്.
അതേസമയം പള്ളികളുടെ സെമിത്തേരി, സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള പൊതു സംവിധാനങ്ങളിൽ ആരേയും വിലക്കരുതെന്നും സുപ്രീം കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിർദേശം നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാക്കോബായ സുറിയാനി സഭയിലെ അംഗങ്ങൾ 2017ലെ വിധി മനഃപൂർവം അനുസരിക്കാത്തതാണ് എന്ന് കോടതി നിരീക്ഷിച്ചു. മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികൾ 1934–ലെ മലങ്കര ചര്‍ച്ച് ഗൈഡ്‌ലൈന്‍സ് അനുസരിച്ച് വേണം ഭരണം നടത്തേണ്ടത് എന്നായിരുന്നു 2017-ലെ സുപ്രീം കോടതി വിധി.
യാക്കോബായ സഭയാണ് പള്ളി വികസിപ്പിച്ചതും പരിപാലിച്ചതുമെന്ന് യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ രഞ്ജിത്ത് കുമാർ, ശ്യാം ദിവാന്‍ എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാല്‍, 2017-ലെ സുപ്രീം കോടതി വിധി അനുസരിക്കാത്ത യാക്കോബായ സഭയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭരണം കൈമാറിയെന്ന സത്യവാങ്മൂലം സമർപ്പിക്കാനും യാക്കോബായ സഭയോട് ബെഞ്ച് ആവശ്യപ്പെട്ടു. സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഡിസംബര്‍ 17 ന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും.