ദുബായ്: ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഡബിള്‍ എഞ്ചിന്‍ കുതിപ്പുമായി ഇന്ത്യന്‍ യുവതാരം തിലക് വര്‍മ. 69 സ്ഥാനങ്ങള്‍ ഉയര്‍ന്ന തിലക് മൂന്നാമതെത്തി. മലയാളി താരം സഞ്‌ജു സാംസണും നേട്ടമുണ്ടാക്കി. 17 സ്ഥാനങ്ങള്‍ ഉയര്‍ന്ന സഞ്‌ജു 22-ാം റാങ്കിലാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നടത്തിയ പ്രകടനമാണ് ഇരുവരുടേയും കുതിപ്പിന് ഊര്‍ജമായത്. നാല് ടി20കള്‍ അടങ്ങിയ പരമ്പരയില്‍ ഇരുവരും രണ്ട് വീതം സെഞ്ചുറികള്‍ നേടിയിരുന്നു. തിലക് അവസാന രണ്ട് മത്സരങ്ങളില്‍ തുടര്‍ സെഞ്ചുറികള്‍ സ്വന്തമാക്കി. നാല് മത്സരങ്ങളില്‍ നിന്നും 140 ശരാശരിയും 198.58 സ്‌ട്രൈക്ക് റേറ്റിലും 280 റണ്‍സടിച്ച തിലക് പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സഞ്‌ജു ആദ്യത്തേയും അവസാനത്തേയും മത്സരങ്ങളിലാണ് സെഞ്ചുറി അടിച്ചത്. രണ്ടും മൂന്നും മത്സരത്തില്‍ ഡക്കായിരുന്നില്ലെങ്കിലും ഇതിലും മികച്ച റാങ്കിലേക്ക് എത്താന്‍ സഞ്‌ജുവിന് കഴിയുമായിരുന്നു. നാല് മത്സരങ്ങളില്‍ നിന്നും 72 ശരാശരിയിലും 194.58 സ്‌ട്രൈക്ക് റേറ്റിലും 216 റണ്‍സാണ് സഞ്‌ജു നേടിയത്.