ദുബായ് :2023ലെ ഐസിസി ഏകദിന ക്രിക്കറ്ററായി വിരാട് കോലി (Virat Kohli ICC ODI Cricketer). കരിയറില്‍ ഇത് നാലാമത്തെ പ്രാവശ്യമാണ് കോലി ഐസിസിയുടെ ഏകദിന ക്രിക്കറ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഇതോടെ, ഏറ്റവും കൂടുതല്‍ പ്രാവശ്യം ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മാറാനും വിരാട് കോലിക്കായി.
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സിനെ പിന്തള്ളിയാണ് കോലി ചരിത്ര നേട്ടം സ്വന്തമാക്കിയത്. 13 വര്‍ഷത്തെ ഏകദിന ക്രിക്കറ്റ് കരിയറില്‍ മൂന്ന് പ്രാവശ്യമാണ് ഡിവില്ലിയേഴ്‌സ് ഐസിസിയുടെ ഈ പുരസ്‌കാരത്തിന് അര്‍ഹനായത്.
2012ല്‍ ആണ് വിരാട് കോലി ആദ്യമായി ഐസിസിയുടെ ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. പിന്നീട്, അഞ്ച് വര്‍ഷത്തിന് ശേഷം 2017ലും കോലി ഈ നേട്ടത്തിലെത്തി. തൊട്ടടുത്ത വര്‍ഷവും പുരസ്‌കാരം സ്വന്തമാക്കിയ കോലി വീണ്ടും അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഐസിസിയുടെ പുരുഷ ഏകദിന ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഉള്‍പ്പടെ നടത്തിയ മിന്നും പ്രകടനമാണ് ഇക്കുറിയും വിരാടിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2023ല്‍ 27 ഏകദിന മത്സരങ്ങളില്‍ നിന്നും 1377 റണ്‍സാണ് വിരാട് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത് (Virat Kohli ODI Stats In 2023). അതില്‍, 765 റണ്‍സും ലോകകപ്പിലെ 11 ഇന്നിങ്‌സില്‍ നിന്നാണ് താരം അടിച്ചെടുത്തത് (Virat Kohli Stats In Cricket World Cup 2023).
ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായും കോലി നേരത്തെ മാറിയിരുന്നു. 2003ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. കൂടാതെ, ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറികള്‍ എന്ന ചരിത്ര നേട്ടം വിരാട് കോലി സ്വന്തമാക്കിയതും കഴിഞ്ഞ വര്‍ഷമായിരുന്നു.
Also Read :അർധസെഞ്ച്വറിയുമായി യശസ്വി, ഹൈദരാബാദില്‍ ഒന്നാം ദിനം ഇന്ത്യയ്ക്ക് മേല്‍ക്കൈ
അതേസമയം, 2023ല്‍ ഏകദിന ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നായി 36 മത്സരങ്ങളില്‍ നിന്നും 2048 റണ്‍സാണ് വിരാട് കോലി അടിച്ചെടുത്തത്. 66.06 ആയിരുന്നു കഴിഞ്ഞ കലണ്ടര്‍ വര്‍ഷം താരത്തിന്‍റെ ബാറ്റിങ് ശരാശരി (Virat Kohli International Stats In 2023).