ദുബായ്:ചാമ്പ്യന്‍സ് ട്രോഫി 2025 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 2017-ന് ശേഷം ആദ്യമായി നടക്കുന്ന ടൂർണമെന്‍റിനുള്ള സമ്മാനത്തുകയില്‍ വന്‍ വര്‍ധനവാണ് ഐസിസി വരുത്തിയിരിക്കുന്നത്. 2017-ലെ പതിപ്പിൽ നിന്ന് മൊത്തം സമ്മാനത്തുക 53 ശതമാനം വർധിപ്പിച്ച് 6.9 മില്യൺ ഡോളറിലെത്തി.
ടൂർണമെന്‍റിൽ പങ്കെടുക്കുന്ന എട്ട് ടീമുകൾക്കും 125,000 ഡോളർ പങ്കാളിത്ത സമ്മാനം ഉറപ്പാണ്. ടൂർണമെന്‍റിലെ വിജയികൾക്ക് 2.24 മില്യൺ യുഎസ് ഡോളർ (ഏകദേശം 20.8 കോടി ഇന്ത്യൻ രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 1.12 മില്യൺ ഡോളറാണ് (ഏകദേശം 10.4) സമ്മാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെമി ഫൈനലില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 560,000 ഡോളർ (ഏകദേശം 5.2 കോടി) വീതവും ലഭിക്കും. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് ഓരോന്നിനും 350,000 ഡോളർ (3 കോടി) ലഭിക്കും, ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തുന്ന ടീമുകൾക്ക് 140,000 ഡോളര്‍ (1.2 കോടി) വീതമാണ് സമ്മാനം. കൂടാതെ ഓരോ മത്സരത്തിനും ഐസിസി സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് മത്സരത്തിലെ ഓരോ വിജയത്തിനും 34,000 (29 ലക്ഷം) ഡോളറാണ് നല്‍കുക.
2025-ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്‍റെ ഒരു നിർണായക നിമിഷത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് ഐസിസി ചെയര്‍മാന്‍ ജയ് ഷാ പറഞ്ഞു. കായികരംഗത്ത് നിക്ഷേപം നടത്തുന്നതിനും ഐസിസിയുടെ പ്രവര്‍ത്തനങ്ങളുടെ ആഗോള അന്തസ്സ് നിലനിർത്തുന്നതിനുമുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയെയാണ് ഈ ഗണ്യമായ സമ്മാനത്തുക അടിവരയിടുന്നത്.
സാമ്പത്തികമായ പ്രോത്സാഹനത്തിനു പുറമേ, ഈ ടൂർണമെന്‍റെ മികച്ച മത്സരങ്ങളിലൂടെ ആരാധകരെ ആകർഷിക്കുകയും ഭാവി തലമുറകൾക്കായി ക്രിക്കറ്റിന്‍റെ വളർച്ചയും ദീർഘകാല സുസ്ഥിരതയും ഉറപ്പാക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ദയവായി ആ വിളിയൊന്ന് നിര്‍ത്തൂ; പാക് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ച് ബാബര്‍ അസം- വീഡിയോ
പാകിസ്ഥാനാണ് ടൂര്‍ണമെന്‍റിന്‍റെ ആതിഥേയര്‍. 1996-ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഐസിസിയുടെ ഒരു പ്രധാന ടൂര്‍ണമെന്‍റിന് ആതിഥേയരാവുന്നത്. രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങൾ കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലായാണ് നടക്കുക. എന്നാല്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ ഇന്ത്യ പാക് മണ്ണില്‍ കളിക്കുന്നില്ല.
ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കുന്ന ഹൈബ്രീഡ് മോഡലിലാണ് ടൂര്‍ണമെന്‍റ് അരങ്ങേറുക. ആകെയുള്ള എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ടം അരങ്ങേറുന്നത്. തുടര്‍ന്ന് ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും.