യൂറോ കപ്പിലെ മത്സരങ്ങള്‍ അവസാന ലാപ്പിലേക്ക് എത്തിയിരിക്കുകയാണ്. യൂറോയില്‍ ഇനി സെമിയിലും ഫൈനലിലുമായി മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ടൂര്‍ണമെന്‍റില്‍ ഗോളടിമേളം പഴയ ആവേശത്തിലേക്ക് എത്തിയില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തുന്നു.
സെമി ഫൈനല്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ യൂറോ കപ്പില്‍ ഇതുവരെ 108 ഗോളുകള്‍ മാത്രമാണ് പിറന്നത്. 108 ഗോളിലേക്ക് എത്താൻ 48 മത്സരങ്ങളാണ് യൂറോയില്‍ വേണ്ടിവന്നത്. അതില്‍ പത്തെണ്ണവും സെല്‍ഫ് ഗോളുകളാണ് എന്നതാണ് കണക്ക്.
കഴിഞ്ഞ യൂറോയില്‍ ആകെയുള്ള 51 മത്സരങ്ങളില്‍ നിന്നും 142 ഗോളുകളാണ് സ്കോര്‍ ചെയ്യപ്പെട്ടത്. മൂന്ന് മത്സരം മാത്രം ശേഷിക്കെ ഇത്തവണ ഈ കണക്കില്‍ 34 ഗോളുകളുടെ കുറവാണുള്ളത്. കഴിഞ്ഞ യൂറോയില്‍ 2.79 ആയിരുന്നു ഓരോ മത്സരത്തിലെയും ഗോള്‍ ശരാശരി. എക്കാലത്തേയും ഉയര്‍ന്ന കണക്കുകളായിരുന്നു ഇത്. എന്നാല്‍, ഇപ്രാവശ്യം 2.25 ശതമാനം മാത്രമാണ് ഗോള്‍ ശരാശരി. ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കണക്കാണിത്.
സെല്‍ഫ് ഗോള്‍ കണക്കുകള്‍ കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് വ്യത്യസ്‌തമാണ്. 2021ല്‍ 51 മത്സരങ്ങളില്‍ നിന്നുണ്ടായത് ആകെ 11 സെല്‍ഫ് ഗോളുകള്‍ മാത്രമാണ്. എന്നാല്‍, ഇക്കുറി മൂന്ന് മത്സരം ശേഷിക്കെ തന്നെ ഈ കണക്ക് പത്തിലേക്ക് എത്തിയിട്ടുണ്ട്. യൂറോ കപ്പിന്‍റെ ഈ പതിപ്പില്‍ ഫ്രീ കിക്ക് ഗോളുകള്‍ പിറന്നിട്ടില്ലെന്നതും കൗതുകമുണര്‍ത്തുന്ന കാര്യമാണ്.