ന്യൂഡല്‍ഹി:വനിത പ്രീമിയര്‍ ലീഗിന്‍റെ (WPL 2024) രണ്ടാം പതിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ (Mumbai Indians) തകര്‍ത്ത് ഫൈനലില്‍ കടന്നിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore). ഡല്‍ഹി അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം തിരിച്ചുപിടിച്ച ആര്‍സിബി അഞ്ച് റണ്‍സിന്‍റെ ആവേശകരമായ ജയമായിരുന്നു മുംബൈയ്‌ക്കെതിരെ സ്വന്തമാക്കിയത്. എല്ലിസ് പെറിയുടെ (Ellyse Perry) ഓള്‍റൗണ്ട് മികവും ശ്രേയങ്ക പാട്ടീല്‍, ശോഭന ആശ എന്നിവരുടെ ബൗളിങ്ങുമായിരുന്നു മത്സരത്തില്‍ ബാംഗ്ലൂരിന് ജയമൊരുക്കിയത്.
മത്സരത്തില്‍ ആര്‍സിബിയുടെ ജയത്തില്‍ ഏറെ നിര്‍ണായകമായത് ശ്രേയങ്ക പാട്ടീല്‍ എറിഞ്ഞ 18-ാം ഓവറാണ്. ഈ ഓവറിലാണ് മുംബൈയ്‌ക്ക് അവരുടെ ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് കൗറിനെ നഷ്‌ടപ്പെടുന്നത്. ഹര്‍മനെ പുറത്താക്കിയതിന് പിന്നാലെ ബാംഗ്ലൂര്‍ മത്സരത്തില്‍ പിടിമുറുക്കുകയും ചെയ്‌തു.
ഡല്‍ഹി അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ ആകെ അടിച്ചെടുത്തത് 135 റണ്‍സ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു ആര്‍സിബി ഈ സ്കോറിലേക്ക് എത്തിയത്. എല്ലിസ് പെറിയുടെ 66 റണ്‍സ് പ്രകടനമായിരുന്നു അവര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങില്‍ തരക്കേടില്ലാതെയാണ് മുംബൈ തുടങ്ങിയത്. 10 ഓവറില്‍ 68-3 എന്ന നിലയിലേക്ക് വീണെങ്കിലും കരുതലോടെ കളിച്ച് റണ്‍സ് കണ്ടെത്താൻ മുംബൈയ്‌ക്ക് സാധിച്ചു. മുംബൈ ഇന്നിങ്‌സിലെ നാലാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ഹര്‍മൻപ്രീത് കൗര്‍ അമേലിയ കെര്‍ സഖ്യം അനായാസം ജയത്തിലേക്ക് നീങ്ങുമെന്നാണ് കളിയാസ്വാദകര്‍ കരുതിയത്.