മലപ്പുറം : നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് തകര്‍ത്ത സംഭവത്തില്‍ റിമാന്‍ഡ് ചെയ്‌ത് തവനൂര്‍ ജയിലിലേക്ക് അയച്ച പിവി അന്‍വര്‍ എംഎല്‍എയ്‌ക്ക് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്‍വറിന്‍റെ കസ്റ്റഡി അപേക്ഷ കോടതി തള്ളുകയായിരുന്നു.
എല്ലാ ബുധനാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശമുണ്ട്. അന്‍വറിനെ ഇന്ന് തന്നെ ജയിലില്‍ നിന്ന് ഇറക്കാന്‍ ശ്രമിക്കുമെന്ന് കുടുംബം വ്യക്തമാക്കി.
ഡിഎഫ്‌ഒ ഓഫിസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതിയാണ് പിവി അന്‍വര്‍. 14 ദിവസത്തേക്കായിരുന്നു റിമാന്‍ഡ്. എന്നാല്‍ കേസില്‍ ഇന്ന് തന്നെ ജാമ്യത്തിന് ശ്രമിക്കുമെന്നായിരുന്നു എംഎല്‍എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ (ജനുവരി 5) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. ശനിയാഴ്‌ച (ജനുവരി 4) കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫിസ് ആക്രമിച്ചത്. അടച്ചിട്ട ഓഫിസിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയായിരുന്നു ആക്രമണം. ഓഫിസിലെ സാധന സാമഗ്രികളെല്ലാം പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
ഇതിന് പിന്നാലെയാണ് പൊലീസെത്തി പിവി അന്‍വറിനെ അറസ്റ്റ് ചെയ്‌തത്. അന്‍വര്‍ അടക്കം 11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ല വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. പൊതു മുതല്‍ നശിപ്പിക്കല്‍, കൃത്യ നിര്‍വഹണം തടയല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Also Read: 'പിണറായി വിജയൻ കേരള ഹിറ്റ്ലർ'; പിവി അൻവറിന്‍റെ അറസ്‌റ്റിൽ പ്രതികരിച്ച് കെ മുരളീധരൻ