കേരളത്തിൽ ഏറെ പ്രചാരത്തിലുള്ളതും എളുപ്പത്തിൽ വളർത്താവുന്നതുമായ ഒരു പൂച്ചെടിയാണ് ചെത്തി അഥവാ തെച്ചി. ഇക്‌സോറ കോക്‌സീനിയ എന്നാണ് ഇതിന്‍റെ ശാസ്‌ത്രീയ നാമം. കുറ്റിച്ചെടിയായി വളരുന്ന ചെത്തി ഇലകാണാതെ പൂത്തുനില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കുന്ന കാഴ്‌ചയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചുവപ്പ്, പിങ്ക്, ഓറഞ്ച്, വെള്ള, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള നിരവധി ഇനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സാധാരണയായി പുറത്തെ പൂന്തോട്ടങ്ങളിലാണ് ആളുകള്‍ ചെത്തി വളര്‍ത്താറുള്ളത്. എന്നാല്‍ പ്രത്യേക ശ്രദ്ധ നല്‍കുകയാണെങ്കില്‍ ചെത്തി ഇന്‍ഡോറായി വളര്‍ത്തിയെടുക്കാവുന്നതേയൊള്ളൂ. ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത് ഇങ്ങനെ....
കണ്ടെയ്‌നറിന്‍റെ തിരഞ്ഞെടുപ്പ്
ചെത്തിയുടെ വേരുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള കണ്ടെയ്‌നറുകളാണ് നടീലിനായി തിരഞ്ഞെടുക്കേണ്ടത്. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാന്‍ ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. ടെറാക്കോട്ട അല്ലെങ്കിൽ കളിമൺ കണ്ടെയ്‌നറുകള്‍ മികച്ച ഓപ്ഷനുകളാണ്, കാരണം അവ ഈർപ്പം നിയന്ത്രിക്കാൻ സഹായിക്കുകയും വേരുകൾക്ക് നല്ല വായുസഞ്ചാരം നൽകുകയും ചെയ്യുന്നു.
നന്നായി പൂക്കാന്‍ വെള്ളിച്ചം വേണം
ചെത്തിച്ചെടി മികച്ച രീതിയില്‍ പൂക്കണമെങ്കില്‍ അതിന് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് 4-6 മണിക്കൂർ നേരിയതും പരോക്ഷവുമായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചെടി സ്ഥാപിക്കുക. തെക്കോ പടിഞ്ഞാറോ അഭിമുഖമായുള്ള ഒരു ജനാലയാണ് അനുയോജ്യം. സൂര്യപ്രകാശം ഇഷ്‌ടമാണെങ്കിലും ചൂടുള്ള കാലാവസ്ഥയിൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് മൂലം അത് കരിഞ്ഞു പോകാം. അതിനാല്‍ കഠിനമായ ഉച്ചവെയിൽ ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.
ഗ്രോ ലൈറ്റുകൾ: സ്വാഭാവിക വെളിച്ചം അപര്യാപ്തമാണെങ്കിൽ (പ്രത്യേകിച്ച് ശൈത്യകാലത്തോ ഇരുണ്ട മുറികളിലോ), ചെടിയുടെ വളര്‍ച്ചയ്‌ക്ക് ഗ്രോ ലൈറ്റുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുക. LED അല്ലെങ്കിൽ ഫ്ലൂറസെന്‍റ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
നടീല്‍ മണ്ണ്
നല്ല നീർവാർച്ചയുള്ള മണ്ണാണ് ചെത്തിയ്‌ക്ക് വേണ്ടത്. മണ്ണിന് ചെറിയ അമ്ലത്വം ഉണ്ടെന്ന് ഉറപ്പുവരുത്തുക. പി.എച്ച് മൂല്യം 5.0 -നും 6.0 -നും ഇടയിലാണ് അനുയോജ്യം. പീറ്റ്, പെർലൈറ്റ്, പരുക്കൻ മണൽ എന്നിവ ചേർത്ത് നിങ്ങൾക്ക് നല്ലൊരു പോട്ടിങ് മിശ്രിതം ഉണ്ടാക്കാം.
നന ശ്രദ്ധിക്കാം
സ്ഥിരമായ ഈർപ്പം ഇഷ്‌ടപ്പെടുന്ന ചെടിയാണ് ചെത്തി. പക്ഷേ മണ്ണ് അമിതമായി നനഞ്ഞിരിക്കരുത്. മുകളിലെ മണ്ണ് തൊട്ടുനോക്കുമ്പോള്‍ വരണ്ടതായി തോന്നുന്ന ഇടവേളകളിലാണ് ചെടി വീണ്ടും നനയ്‌ക്കേണ്ടത്. ചെടി നന്നായി നനയ്ക്കുക, പക്ഷേ അധിക വെള്ളം കണ്ടെയ്‌നറില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് ഉറപ്പാക്കുക.
ഈര്‍പ്പം: ഈർപ്പമുള്ള സാഹചര്യങ്ങളിലാണ് ചെത്തി നന്നായി വളരുന്നത്. അതിനാൽ വരണ്ട വായു ഉള്ള ഇൻഡോറില്‍ ചെടി വളര്‍ത്തുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. വരണ്ട കാലാവസ്ഥയില്‍ ചെടിയില്‍ പതിവായി വെള്ളം തളിക്കുന്നത് ഗുണം ചെയ്യും. വെള്ളം നിറച്ച ഉരുളൻ കല്ലുകൾ നിറച്ച ഒരു ട്രേയിൽ കണ്ടെയ്‌നര്‍ വെക്കുന്നത് ഏറെ നല്ലതാണ്. എന്നാല്‍ കണ്ടെയ്‌നറിന്‍റെ അടിഭാഗം ട്രേയിലെ വെള്ളവുമായി സമ്പര്‍ക്കമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
താപനില
20°C നും 30°C നും ഇടയിലുള്ള താപനിലയിലാണ് ചെത്തി ഏറ്റവും നന്നായി വളരുക. 10°C യിൽ താഴെയുള്ള താപനില ചെടിയെ ദോഷകരമായി ബാധിക്കുമെന്ന കാര്യം മറക്കരുത്. പെട്ടെന്ന് താപനില മാറുന്ന സാഹചര്യവും ഒഴിവാക്കുക. താപനിലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന എയർ കണ്ടീഷണറുകൾ, ഹീറ്ററുകൾ അല്ലെങ്കിൽ ഫാനുകൾ എന്നിവയിൽ നിന്ന് ചെടിയെ മാറ്റി നിര്‍ത്താം.
വളപ്രയോഗവും കൊമ്പുകോതലും
വളരുന്ന സീസണിൽ (വസന്തകാലത്തും വേനൽക്കാലത്തും) സമീകൃത ദ്രാവക വളം (NPK 10-10-10) ഉപയോഗിച്ച് ചെടിക്ക് വളപ്രയോഗം നടത്തുക. ആരോഗ്യകരമായ വളർച്ചയും തിളക്കമുള്ള പൂക്കളും ഉണ്ടാവാന്‍ 4 ആഴ്ചയിലൊരിക്കൽ വളം നല്‍കാം. ചെടിയുടെ ആകൃതി നിലനിർത്താൻ പതിവായ കൊമ്പുകോതല്‍ ആവശ്യമാണ്.
അമിത വളര്‍ച്ചയുള്ള കൊമ്പുകള്‍ വെട്ടിമാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് ഏറെ പൂക്കളുണ്ടാവുന്നതിന് സഹായിക്കും. ഇല മുട്ടുകൾക്ക് തൊട്ടു മുകളിലായാണ് എപ്പോഴും മുറിക്കേണ്ടത്. കൂടാതെ പുതിയ പൂക്കൾ ഉണ്ടാകുന്നതിനും വിത്ത് ഉൽപാദനത്തിൽ ചെടി ഊർജ്ജം കേന്ദ്രീകരിക്കുന്നത് തടയുന്നതിനും മങ്ങിയതോ വാടിയതോ ആയ പൂക്കൾ നീക്കം ചെയ്യാനും ശ്രദ്ധിക്കുമല്ലോ?.
കീട നിയന്ത്രണം
വീടിനുള്ളിൽ വളരുന്ന ചെത്തിച്ചെടി മുഞ്ഞ, മീലിമൂട്ട തുടങ്ങിയ കീടങ്ങളെ ആകർഷിക്കും. ചെടി പതിവായി പരിശോധിച്ച് ഇവ ഇല്ലെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ പുകയിലക്കഷായം പ്രയോഗിക്കാം.
മാറ്റി നടീല്‍
കണ്ടെയ്‌നറില്‍ നിന്നും വേര് പുറത്തേക്ക് എത്തുമ്പോള്‍ ആല്ലെങ്കില്‍ ഒന്നോ-രണ്ടോ വര്‍ഷത്തില്‍ ചെത്തി മാറ്റി നടേണ്ടത് ഏറെ പ്രധാനമാണ്. ഇതു ചെടിയുടെ വേരിന്‍റെ വളര്‍ച്ചയ്‌ക്ക് സഹായിക്കും. ചെടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ ഓരോ തവണയും പുതിയതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ പോട്ടിങ് മിശ്രിതം ഉപയോഗിക്കുക.
ബൊഗെയ്‌ന്‍വില്ല ചെടി 'ഭ്രാന്ത് പിടിച്ച്' പൂക്കും; സൂത്രമിതാ... - BOUGAINVILLEA FLOWERING TIPS