മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും തോറ്റ് 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ ഒരു പരമ്പര കൈവിട്ടതോടെ ഇന്ത്യൻ ടീമില്‍ താരങ്ങള്‍ക്കുള്ള നിബന്ധനകള്‍ കടുപ്പിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീര്‍. ഇതിന്‍റെ ആദ്യ പടിയായി ഓപ്‌ഷണല്‍ ട്രെയിനിങ് സെഷൻ റദ്ദാക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതോടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ജസ്‌പ്രീത് ബുംറ ഉള്‍പ്പടെയുള്ള മുഴുവൻ താരങ്ങളും മുംബൈയിലെ മൂന്നാം മത്സരത്തിന് മുന്‍പ് നിര്‍ബന്ധമായും പരിശീലന സെഷനുകളില്‍ പങ്കെടുക്കണമെന്ന നിര്‍ദേശം ടീം മാനേജ്‌മെന്‍റ് നല്‍കിയതായാണ് വിവരം.
പൂനെയിലെ മത്സരം അവസാനിച്ചതിന് പിന്നാലെ തന്നെ താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫുകള്‍ക്കും രണ്ട് ദിവസത്തെ അവധി ടീം മാനേജ്‌മെന്‍റ് നല്‍കിയിരുന്നു. ഈ മാസം 30, 31 തീയതികളിലാണ് മുംബൈയില്‍ പരിശീലന ക്യാമ്പ്. ഈ ക്യാമ്പില്‍ നിന്നാണ് ആര്‍ക്കും മാറിനില്‍ക്കാൻ സാധിക്കില്ലെന്ന് ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കിയിട്ടുള്ളത്. മത്സരം മുംബൈയിലായതിനാല്‍ ക്യാപ്‌റ്റൻ രോഹിത്തും സീനിയര്‍ ബാറ്റര്‍ വിരാട് കോലിയും കുടുംബത്തോടൊപ്പം തുടര്‍ന്ന് പരിശീലന സെഷനില്‍ നിന്നുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് ഇത്തരമൊരു നിര്‍ദേശം പരിശീലകൻ ഗൗതം ഗംഭീര്‍ മുന്നോട്ട് വച്ചതെന്നാണ് റിപ്പോര്‍ട്ട്.