ചെറിയ കാലയളവില്‍ തന്നെ ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയിലേക്ക് സ്ഥാനം ഉറപ്പിച്ചയാളാണ് പാറ്റ് കമ്മിൻസ്. ആഷസും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ക്രിക്കറ്റ് ലോകകപ്പും അങ്ങനെ ക്രിക്കറ്റിലെ പ്രധാന കിരീടങ്ങള്‍ എല്ലാം തന്നെ കങ്കാരുപ്പട പാറ്റ് കമ്മിൻസിന്‍റെ ക്യാപ്‌റ്റൻസിക്ക് കീഴില്‍ അടുത്തിടെയാണ് സ്വന്തമാക്കിയത്. അതേ കമ്മിൻസിനെ നായകനാക്കി ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിക്കാനെത്തിയതും കിരീടപ്രതീക്ഷയുമായിട്ടാണ്.
2016ല്‍ ഡേവിഡ് വാര്‍ണറിന് കീഴില്‍ കിരീടം നേടിയശേഷം ഒരിക്കല്‍പ്പോലും ആ നേട്ടം ആവര്‍ത്തിക്കാൻ ഹൈദരാബാദിന് സാധിച്ചിരുന്നില്ല. കെയ്‌ൻ വില്യംസണ്‍, എയ്‌ഡൻ മാര്‍ക്രം അങ്ങനെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഭേദപ്പെട്ട ട്രാക്ക് റെക്കോഡുള്ള താരങ്ങള്‍ നായകന്മാരായി വന്നുപോയിട്ടും ഹൈദരാബാദിന് കാര്യമായ മികവിലേക്ക് ഉയരാനായിരുന്നില്ല. എന്നാല്‍, പാറ്റ് കമ്മിൻസിന് കീഴില്‍ ടി20 ക്രിക്കറ്റിന്‍റെ ടെംപ്ലേറ്റിനെ അപ്പാടെ മാറ്റിമറിച്ചുകൊണ്ടുള്ള കുതിപ്പ് അവര്‍ നടത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 2011ല്‍ സ്ഥാപിച്ച ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡ് രണ്ട് തവണയാണ് ഹൈദരാബാദ് ഈയൊരു സീസണില്‍ മറികടന്നത്. കൂടാതെ, അന്ന് വമ്പൻ സ്കോര്‍ അടിച്ച അതേ ടീമിനെതിരെ 287 റണ്‍സ് അടിച്ചുകൂട്ടി പുതിയ റെക്കോഡ് പടുത്തുയര്‍ത്താനും അവര്‍ക്കായി. മറ്റ് ടീമുകള്‍ക്കെതിരെ പല മത്സരങ്ങളിലും വ്യക്തമായ ആധിപത്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്ഥാപിച്ചെങ്കിലും ഈ വര്‍ഷം അവര്‍ക്ക് ബാലികേറാമലയായി മാറിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു.
ഫൈനല്‍ ഉള്‍പ്പടെ മൂന്ന് പ്രാവശ്യം നേര്‍ക്കുനേര്‍ വന്നപ്പോഴും കൊല്‍ക്കത്ത ഹൈദരാബാദിനെ തകര്‍ത്തു. ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 4 റണ്‍സിനായിരുന്നു ജയിച്ചെതെങ്കില്‍ പിന്നീട് ക്വാളിഫയറിലും ഫൈനലിലും ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദിനെ ചിത്രത്തില്‍പോലും ഇല്ലാത്ത വിധത്തിലായിരുന്നു നൈറ്റ് റൈഡേഴ്‌സ് തോല്‍പ്പിച്ചത്. ടീമെന്ന നിലയിലുള്ള ഒത്തിണക്കത്തോടെയുള്ള പ്രകടനങ്ങളായിരുന്നു കൊല്‍ക്കത്തയ്‌ക്ക് മൂന്നാം ഐപിഎല്‍ കിരീടനേട്ടത്തിലേക്കുള്ള യാത്രയില്‍ തുണയായത്.
ടീമിന്‍റെ ഈ പ്രകടനങ്ങള്‍ക്ക് അവരുടെ ഉപദേഷ്‌ടാവ് ഗൗതം ഗംഭീറും ശരിക്കും ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്‍പ് ടീം ക്യാമ്പില്‍ എത്തിയ ശേഷമുള്ള ആദ്യ ചര്‍ച്ചയില്‍ തന്നെ ഗംഭീര്‍ തന്‍റെ നയം വ്യക്തമാക്കിയിരുന്നു. ജൂനിയര്‍, സീനിയര്‍ താരങ്ങളെന്നോ ഇന്ത്യൻ, വിദേശ താരങ്ങളെന്നോയുള്ള വേര്‍തിരിവും അന്തരവും ഇവിടെയില്ലെന്നും വിജയം മാത്രമാണ് തനിക്ക് വേണ്ടതെന്നുമായിരുന്നു അന്ന് കൊല്‍ക്കത്തൻ താരങ്ങളോട് ഗംഭീര്‍ പറഞ്ഞുവച്ചത്. കൂടാതെ, മെയ് 26ന് ഫൈനല്‍ നടക്കുമ്പോള്‍ അവിടെ ഒരു ടീമായി തങ്ങള്‍ വേണമെന്നും കിരീടം നേടിയെടുക്കണമെന്നും ഗംഭീര്‍ പറഞ്ഞ വാക്ക് കൊല്‍ക്കത്തയുടെ താരങ്ങള്‍ അതേപടി അനുസരിക്കുകയാണ് ഉണ്ടായത്.