ബെംഗളൂരു:വിരാട് കോലി, ഗൗതം ഗംഭീര്‍... ഇവര്‍ രണ്ട് പേരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക് ഐപിഎല്‍ പതിനേഴാം പതിപ്പിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ എന്നും ചിരവൈരികളാണ് കോലിയും ഗംഭീറും. അതുകൊണ്ട് തന്നെ ഇരുവരും കളിമൈതാനത്ത് ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ ആരാധകര്‍ക്കിടയിലും ആവേശം ഉയരാറാണ് പതിവ്.
കഴിഞ്ഞ വര്‍ഷം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഉപദേഷ്‌ടാവായിരുന്നു ഗൗതം ഗംഭീര്‍. ഐപിഎല്ലിന്‍റെ പതിനാറാം പതിപ്പില്‍ ലഖ്‌നൗവും ആര്‍സിബിയും രണ്ട് പ്രാവശ്യം ഏറ്റുമുട്ടിയപ്പോഴും നടന്നത് നാടകീയ സംഭവങ്ങള്‍. എന്നാല്‍, ഇത്തവണ കെകെആര്‍ മെന്‍ററുടെ റോളില്‍ ഗംഭീര്‍ തന്‍റെ ടീമിനെ കോലിയുടെ ആര്‍സിബിയ്‌ക്കെതിരെ കളത്തില്‍ ഇറക്കിയപ്പോള്‍ ആരാധകരും എന്തൊങ്കിലുമൊക്കെ നടക്കുമെന്നായിരിക്കും കരുതിയത്.
അത്രത്തോളമായിരുന്നു മത്സരത്തിന് മുന്‍പുണ്ടായിരുന്ന ഹൈപ്പും. എന്നാല്‍, ആരാധകരെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി കെകെആര്‍ മത്സരത്തിനിടെ അരങ്ങേറിയത്. ആര്‍സിബി ഇന്നിങ്‌സിന്‍റെ ടൈം ഔട്ടിനിടെ ഗ്രൗണ്ടിലേക്ക് എത്തിയ ഗംഭീര്‍ നേരെ ചെന്ന് കോലിയ്‌ക്ക് കൈ കൊടുത്തു.
പിന്നാലെ, ഇരുവരും കുറച്ച് നേരം സംസാരിച്ചു. വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തു. തങ്ങള്‍ രണ്ടാളും നല്ല സുഹൃത്തുക്കള്‍ ആണെന്ന് അടുത്തിടെ ഇരുവരും പറഞ്ഞത് കൂടുതല്‍ തറപ്പിക്കുന്നതായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഈ രംഗം.
അതേസമയം, സീസണിലെ മൂന്നാം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 183 റണ്‍സ് വിജയലക്ഷ്യമാണ് കെകെആറിന് മുന്നില്‍ ഉയര്‍ത്തിയത്. പുറത്താകാതെ 59 പന്തില്‍ 83 റണ്‍സ് നേടിയ കോലിയുടെ ബാറ്റിങ്ങായിരുന്നു ആര്‍സിബി ഇന്നിങ്‌സിന് കരുത്തായത്. കാമറൂണ്‍ ഗ്രീൻ (33), ഗ്ലെൻ മാക്‌സ്‌വെല്‍ (28) എന്നിവരായിരുന്നു ആര്‍സിബി നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍. കൊല്‍ക്കത്തയ്‌ക്കായി ആന്ദ്രേ റസലും ഹര്‍ഷിത് റാണയും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റും 19 പന്തും ശേഷിക്കെയാണ് കെകെആര്‍ വിജയലക്ഷ്യം മറികടന്നത്. സുനില്‍ നരെയ്‌ൻ (22 പന്തില്‍ 47), വെങ്കടേഷ് അയ്യര്‍ (30 പന്തില്‍ 50) എന്നിവരുടെ പ്രകടനങ്ങളായിരുന്നു കൊല്‍ക്കത്തയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ, പോയിന്‍റ് പട്ടികയിലും മുന്നേറ്റം നടത്താൻ നൈറ്റ് റൈഡേഴ്‌സിനായി.
Also Read :ചിന്നസ്വാമിയിലെ 'വമ്പൻ ജയം', പോയിന്‍റ് പട്ടികയില്‍ രാജസ്ഥാനെ പിന്നിലാക്കി കെകെആര്‍ മുന്നേറ്റം - IPL 2024 Points Table Updated