പാരിസ്:ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം. പാരിസ് ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ആക്രമണം ഉണ്ടായത്. റെയില്‍പാതയില്‍ തീയിടല്‍ അടക്കമുള്ള നിരവധി ആക്രമണം അതിവേഗ ട്രെയിന്‍ ശൃംഖലയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി.
2024 പാരിസ് ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ആക്രമണം. അതിവേഗ ട്രെയിന്‍ പാതയുടെ പലയിടത്തും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും ഫ്രഞ്ച് റെയില്‍വേ ഓപ്പറേറ്റര്‍മാരായ എസ്എന്‍സിഎഫ് റിപ്പോര്‍ട്ട് ചെയ്‌തു.
രാജ്യത്തെ പടിഞ്ഞാറ്, വടക്ക്, കിഴക്ക് ഭാഗത്തെ സര്‍വീസുകളെയാണ് ഇത് ബാധിച്ചത്. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. ഈ വാരാന്ത്യം വരെ ട്രെയിന്‍ ശൃംഖലയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഫ്രഞ്ച് ജനതയുടെ അവധി യാത്രകളെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും താന്‍ ഇതിനെ ശക്തമായി അപലപിക്കുന്നെന്നും ഗതാഗത മന്ത്രി പട്രിസ് വെര്‍ഗ്രെയ്‌റ്റ് എക്‌സില്‍ കുറിച്ചു.