ന്യൂഡൽഹി: മുൻ അസം ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററും അഭിഭാഷകനുമായ ദേവജീത് സൈക്കിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയാകുമെന്ന് റിപ്പോര്‍ട്ട്. ജയ് ഷാ ഐസിസി ചെയർമാനായതോടെ ഒഴിവു വന്ന സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സൈക്കിയ അല്ലാതെ മറ്റാരും സമർപ്പിച്ചിട്ടില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ബിസിസിഐ സെക്രട്ടറിയായി സൈകിയ എതിരില്ലാതെ തിരഞ്ഞെടുക്കാന്‍ പോകുന്നത്.
മഹാരാഷ്‌ട്ര മന്ത്രിസഭയിലെത്തിയ ബിസിസിഐ ട്രഷററായിരുന്ന ആശിഷ് ഷെലാറിന് പകരം ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനിലെ പ്രഭ്തേജ് സിംഗ് ഭാട്ടിയ ട്രഷറര്‍ സ്ഥാനത്തേക്കുമെത്തും. ജനുവരി 12 ഞായറാഴ്ച ബിസിസിഐ നടത്തുന്ന പ്രത്യേക പൊതുയോഗത്തിൽ (എസ്ജിഎം) പ്രഖ്യാപനങ്ങൾ നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബിസിസിഐയിൽ നിന്ന് ജയ് ഷാ പോയതിന് ശേഷം, താൽക്കാലിക സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്ന സൈകിയയും ഭാട്ടിയയും രണ്ട് ദിവസം മുമ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. കരട് തിരഞ്ഞെടുപ്പ് പട്ടിക പ്രകാരം അസം ക്രിക്കറ്റ് അസോസിയേഷനെയാണ് സൈകിയ പ്രതിനിധീകരിക്കുന്നത്. കൂടാതെ, ജോയിന്‍റ് സെക്രട്ടറിയുടെ ഒഴിവുള്ള തസ്തികയിലേക്ക് ബോർഡ് ഇനി നിയമനം നടത്തും.