പൂനെ: ആറ് വര്‍ഷത്തിനു ശേഷം കേരളം രഞ്ജി ട്രോഫി സെമിയിലെത്തി. ഒന്നാമിന്നിങ്ങ്സിലെ ഒറ്ററണ്‍ ലീഡിന്‍റെ ബലത്തില്‍. അതെ. പൂണെയില്‍ നടന്ന മല്‍സരത്തില്‍ കേരളത്തിന്‍റെ ചുണക്കുട്ടികള്‍ക്ക് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു.
ആവേശം വാനോളമുയര്‍ന്ന മല്‍സരത്തില്‍ ജമ്മു കാശ്മീരിനെതിരെ രണ്ടു മാര്‍ഗങ്ങളായിരുന്നു കേരളത്തിനു മുന്നിലുണ്ടായിരുന്നത്. ഒന്നുകില്‍ അടിച്ചു തകര്‍ത്ത് 399 റണ്ണെടുത്ത് കാശ്മീരിനെ കീഴടക്കുക. അല്ലെങ്കില്‍ പുറത്താകാതെ പിടിച്ചു നിന്ന് മല്‍സരം സമനിലയിലാക്കുക. രണ്ട് വിക്കറ്റിന് നൂറെന്ന നിലയില്‍ ബാറ്റിങ്ങ് തുടര്‍ന്ന കേരളത്തിന് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ കൂടാരം കയറിയതോടെ ഒരിക്കല്‍ക്കൂടി സല്‍മാന്‍ നിസാറും മൊഹമ്മദ് അസ്ഹറുദ്ദീനും രക്ഷകരായി എത്തി.
പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും വിക്കറ്റ് വീഴ്ത്താനാകാതെ ജമ്മു കാശ്മീര്‍ വെള്ളം കുടിച്ചു. ജമ്മു കാശ്മീര്‍ ബൗളിങ്ങ് നിരയെ വിജയകരമായി പ്രതിരോധിച്ച രണ്ടാമിന്നിങ്സിലെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് ജയത്തോളം തിളക്കമുള്ള സമനില സമ്മാനിച്ചു. ജമ്മു കശ്‌മീരിനെതിരായ മത്സരം സമനിലയില്‍ കലാശിച്ചതോടെ ഒന്നാം ഇന്നിങ്‌സിലെ ഒറ്റ റണ്‍സിന്‍റെ ലീഡിലാണ് കേരളം സെമി ബെര്‍ത്ത് ഉറപ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 399 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 295 റണ്‍സെടുത്തു. 2018-2019 സീസണുശേഷം ആദ്യമായാണ് കേരളം സെമി യോഗ്യത നേടുന്നത്. ഒന്നാം ഇന്നിങ്‌സില്‍ കശ്‌മീര്‍ നേടിയ 280 റണ്‍സിന് മറുപടിയായി കേരളം 281 റണ്‍സടിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കളിയുടെ അവസാന ദിനം കേരളത്തിന്‍റെ എട്ടു വിക്കറ്റ് പിഴുതെടുക്കാന്‍ ജമ്മു കശ്മീർ ആവോളം ശ്രമിച്ചിട്ടും വന്‍ മതിലായി നിന്ന ബാറ്റര്‍മാര്‍ ഒടുവില്‍ തങ്ങളുടെ ആഗ്രഹം സഫലീകരിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തടിച്ച് ജയിക്കുക അല്ലെങ്കില്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ സമനില പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കളത്തിലിറങ്ങിയത്. ഓപ്പണർ രോഹൻ കുന്നുമ്മൽ (36), ഷോൺ റോജർ (ആറ്), ജലജ് സക്സേന (18), ആദിത്യ സർവാതെ (എട്ട്), സച്ചിൻ ബേബി ( 48), അക്ഷയ് ചന്ദ്രൻ ( 48), സൽമാൻ നിസാർ (പുറത്താകാതെ 44), മുഹമ്മദ് അസ്ഹറുദ്ദീൻ ( പുറത്താകാതെ 67) എന്നിവർ കേരളത്തിന്‍റെ രക്ഷകരായി.
അവസാന ദിനമായ ഇന്ന് കേരളത്തിനായി തുടക്കത്തില്‍ അക്ഷയ് ചന്ദ്രനും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും പരമാവധി പുറത്താവാതെ കശ്‌മീരിന്‍റെ പന്തുകളെ നേരിട്ടു. എന്നാല്‍ രണ്ടാം സെഷനില്‍ ഇരുവരേയും പുറത്താക്കി സാഹില്‍ ലാഹോത്ര കേരളത്തെ ഞെട്ടിച്ചു. പിന്നാലെ ജലജിനേയും ആദിത്യ സര്‍വാതെയയും ആബിദ് മുഷ്താഖ് പുറത്താക്കിയതോടെ കേരളം 180-6ലേക്ക് കൂപ്പുകുത്തി. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തി നിര്‍ണായക ലീഡ് നല്‍കിയ സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിംഗ്സിലും തന്‍റെ മികച്ച പ്രകടനം തുടരുകയായിരുന്നു.
ഫെബ്രുവരി 17ന് ആരംഭിക്കുന്ന സെമി മത്സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. ക്വാർട്ടർ പോരാട്ടത്തില്‍ സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും തകര്‍ത്താണ് ഗുജറാത്ത് സെമി ഫൈനലിൽ പ്രവേശിച്ചത്.
പല തവണ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ടെങ്കിലും 2018 ല്‍ ഒറ്റയൊരിക്കല്‍ മാത്രമാണ് കേരളം രഞ്ജി സെമി കളിച്ചത്. അന്ന് ഗുജറാത്തിനെ കീഴടക്കി സെമിയിലെത്തിയ കേരളം വയനാട്ടിലെ കൃഷ്ണ ഗിരി സ്റ്റേഡിയത്തില്‍ ഉമേഷ് യാദവിന്‍റെ മാരക ബൗളിങ്ങില്‍ ചാമ്പ്യന്മാരായ വിദര്‍ഭയോട് ഇന്നിങ്സ് പരാജയം വഴങ്ങി മടങ്ങുകയായിരുന്നു.