ലണ്ടൻ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരീശീലക സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ ആരാധകര്‍ക്ക് തുറന്ന കത്തുമായി എറിക് ടെൻ ഹാഗ്. ക്ലബിനായി എപ്പോഴും തന്‍റെ കൂടെയുണ്ടായിരുന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ ടെൻ ഹാഗ് യുണൈറ്റഡിനായി കൂടുതല്‍ കിരീടങ്ങള്‍ നേടുകയെന്ന സ്വപ്‌നം അവസാനിച്ചതായും കുറിച്ചു. ഇംഗ്ലീഷ് ക്ലബിന് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാൻ സാധിക്കട്ടെയേന്ന് ആശംസിച്ചുകൊണ്ട് കൂടിയാണ് ടെൻ ഹാഗിന്‍റെ കത്ത് അവസാനിക്കുന്നത്.
'ആരാധകര്‍ക്കാണ് ഞാൻ ആദ്യം നന്ദി പറയുന്നത്. ക്ലബിനൊപ്പം എല്ലായിപ്പോഴും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. ഓള്‍ഡ് ട്രാഫോര്‍ഡിലാണെങ്കിലും മറ്റ് എവിടെയാണെങ്കിലും നിങ്ങളുടെ പിന്തുണ അചഞ്ചലമായിരുന്നു.
ഓള്‍ഡ് ട്രാഫോര്‍ഡിലെ അന്തരീക്ഷം ആവേശമാക്കുന്നത് നിങ്ങളായിരുന്നു. സ്വന്തം ഗ്രൗണ്ടിലും അതുപോലെ എതിരാളികളുടെ ഹോം ഗ്രൗണ്ടിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ചാന്‍റുകള്‍ കേട്ടിരുന്നത് പ്രത്യേക അനുഭൂതി തന്നെയായിരുന്നു.
ലോകത്തിന്‍റെ ഏത് കോണില്‍ വച്ചും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരെ കണ്ടുമുട്ടുന്നത് ഞാൻ ആസ്വദിച്ചിരുന്നു. നിങ്ങളോടുള്ള ആശയവിനിമയം എന്നെ കൂടുതല്‍ പ്രചോദിപ്പിച്ചിട്ട് മാത്രമേയുള്ളൂ. അതാണ് നിങ്ങളെ കൂടുതല്‍ സവിശേഷമാക്കുന്നത്.
നല്ല സമയത്തും മോശം സമയത്തും പിന്തുണ നല്‍കിയ ക്ലബ്ബിൻ്റെ എല്ലാ ഡിപ്പാർട്ട്‌മെൻ്റിലെയും സ്റ്റാഫിനോടും നന്ദി പറയുന്നു. യുണൈറ്റഡിനൊപ്പം രണ്ട് ട്രോഫികള്‍ നേടാൻ സാധിച്ചത് എന്‍റെ ജീവിതത്തിലെ തന്നെ വിലമതിക്കാൻ സാധിക്കാത്ത നിമിഷമാണ്. ടീമിന്‍റെ ക്യാബിനിലേക്ക് കൂടുതല്‍ കിരീടങ്ങള്‍ എത്തിക്കുക്ക എന്നതായിരുന്നു എന്‍റെ പ്രധാന സ്വപ്‌നം, നിര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്.