ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോര് കനക്കുന്നു. നിര്‍ണായക മത്സരത്തില്‍ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ആഴ്‌സണലാണ് രണ്ടാം സ്ഥാനത്തേക്ക് വീണത്. 37 മത്സരങ്ങളില്‍ നിന്നും 88 പോയിന്‍റാണ് സിറ്റിക്കുള്ളത്.
ഇത്ര തന്നെ കളികളില്‍ നിന്നും 86 പോയിന്‍റാണ് ആഴ്‌സണലിന്. ലീഗില്‍ ഇരു ടീമുകള്‍ക്കും ഒരു മത്സരമാണ് ഇനി ബാക്കിയുള്ളത്. ആഴ്‌സണലിന് നേരിടേണ്ടത് എവര്‍ട്ടണെയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇനി വെസ്റ്റ് ഹാമാണ് എതിരാളി. വെസ്റ്റ് ഹാമിനെതിരെ ജയിച്ചാല്‍ സിറ്റിയുടെ തുടര്‍ച്ചയായ നാലാമത്തെ കിരീടമായി ഇതു മാറും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി നാല് കിരീടങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.
സിറ്റിയുടെ ജയം ഉറപ്പിച്ചത് ഹാലന്‍ഡിന്‍റെ ഇരട്ട ഗോള്‍
ടോട്ടനത്തിന്‍റെ തട്ടകമായ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയം നേടിയത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡിന്‍റെ ഇരട്ട ഗോളുകളാണ് സന്ദര്‍ശകര്‍ക്ക് ജയം ഒരുക്കിയത്. രണ്ടാം പകുതിയിലായിരുന്നു താരം രണ്ട് ഗോളുകളും അടിച്ചത്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ചില അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോള്‍ അകന്ന് നില്‍ക്കുകയായിരുന്നു. 51ാം മിനിറ്റിലാണ് ഹാലന്‍ഡ് ആദ്യ ഗോള്‍ നേടുന്നത്. കെവിന്‍ ഡി ബ്രുയിന്‍റെ അസിസ്‌റ്റില്‍ നിന്നായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം.
തിരിച്ചടിക്കാന്‍ ടോട്ടനം കിണഞ്ഞ് ശ്രമിച്ചതോടെ സിറ്റിയുടെ പ്രതിരോധം വിണ്ടു. എന്നാല്‍ പകരക്കാരന്‍ ഗോള്‍ കീപ്പര്‍ സ്റ്റീഫന്‍ ഒർട്ടേഗ സിറ്റിയുടെ രക്ഷകനാവുന്നതാണ് കാണാന്‍ കഴിഞ്ഞത്. ടോട്ടനത്തിന്‍റെ പ്രതിരോധതാരം ക്രിസ്റ്റിയന്‍ റൊമേറോയുമായി കൂട്ടിയിടിച്ച് എഡേഴ്‌സണ് പരിക്കേറ്റതോടെയായിരുന്നു സിറ്റി ഒർട്ടേഗയെ ഗോള്‍ മുഖം കാക്കാനിറക്കിയത്.
ഒടുവില്‍ ഇഞ്ചുറി ടൈമിലാണ് ഹാലന്‍ഡ് സിറ്റിയുടെ ഗോള്‍ പട്ടിക പൂർത്തിയാക്കിയത്. ടോട്ടനം താരം പെട്രോ പൊറോ ബോക്‌സില്‍ സിറ്റിയുടെ ജെറിമി ഡോകുവിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി 91-ാം മിനിറ്റില്‍ ഹാലന്‍ഡ് വലയിലാക്കുകയായിരുന്നു. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താരത്തിന്‍റെ ഗോള്‍ നേട്ടം 27 -ലേക്ക് എത്തി.
ALSO READ: 'പിഎസ്‌ജിക്കൊപ്പമുള്ള അവസാന വര്‍ഷം'; ഫ്രഞ്ച് ക്ലബ് വിടുന്നത് സ്ഥിരീകരിച്ച് കിലിയൻ എംബാപ്പെ, പുതിയ തട്ടകം റയല്‍? - Kylian Mbappe Announce PSG Exit
പ്രീമിയര്‍ ലീഗില്‍ ഇതടക്കം കഴിഞ്ഞ 22 മത്സരങ്ങളില്‍ സിറ്റി തോല്‍വി അറിഞ്ഞിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ ആസ്റ്റണ്‍ വില്ലയോടായിരുന്നു ടീം അവസാന തോല്‍വി വഴങ്ങിയത്. ഇതിന് ശേഷം 18 വിജയങ്ങള്‍ നേടിയപ്പോള്‍ നാല് മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു.