ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ അഫ്‌ഗാനിസ്ഥാനെതിരെയുള്ള ഇംഗ്ലണ്ടിന്‍റെ മത്സരം ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റിന് കത്തെഴുതി പാർലമെന്‍റ് അംഗങ്ങൾ.160ൽ അധികം പേർ ഒപ്പുവെച്ച കത്ത് ബോർഡിന് കൈമാറി. താലിബാൻ ഭരിക്കുന്ന രാജ്യത്തെ സ്‌ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചാണ് എതിര്‍പ്പുമായി രാഷ്‌ട്രീയ നേതാക്കളെത്തിയത്. എന്നാല്‍ മത്സരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) നിരസിച്ചതായി റിപ്പോർട്ട്.
അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 26ന് ലാഹോറിൽ വെച്ചാണ് അഫ്ഗാനിസ്ഥാൻ-ഇംഗ്ലണ്ട് മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനില്‍ സ്ത്രീകളോടും പെൺകുട്ടികളോടും നടക്കുന്ന ഭീകരമായ പെരുമാറ്റത്തിനെതിരെ ശബ്ദമുയർത്താൻ ഇംഗ്ലണ്ട് പുരുഷ ടീമിലെ കളിക്കാരോടും ഒഫീഷ്യലുകളോടും ഞങ്ങൾ ശക്തമായി അഭ്യർത്ഥിക്കുന്നുവെന്ന് അവര്‍ ഇസിബിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.
'നിന്ദ്യമായ മോശം പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സൂചന നൽകാന്‍ വരാനിരിക്കുന്ന മത്സരം ബഹിഷ്‌കരിക്കുന്നത് പരിഗണിക്കാൻ ഞങ്ങൾ ഇസിബിയോട് അഭ്യർത്ഥിക്കുന്നുവെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.